ബെംഗളൂരു: കൊല്ലം ജില്ലാ കളക്ടര്‍ ആയിരുന്ന ബാബു ജേക്കബ് ഒരു കുട്ടിക്ക് സമ്മാനം നല്‍കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിസങ്ങളായി മഅദനിയുടെ കുട്ടിക്കാലത്തെ ഫോട്ടോയെന്ന രീതിയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ആ ഫോട്ടോ സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങള്‍ക്ക് വ്യക്തതയുമായി പിഡിപി നേതാവ് മഅദനി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് മഅദനി തന്റെ പഴയ ഫോട്ടോ സംബന്ധിച്ചും അന്നത്തെ സാഹചര്യങ്ങളെ സംബന്ധിച്ചും വിശദമാക്കിയിരിക്കുന്നത്.

മഅദനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കഴിഞ്ഞ കുറേ നാളുകളായി 'മഅദനിയുടെ ചെറുപ്പത്തിലെ ഫോട്ടോ'എന്ന അടിക്കുറിപ്പോടെ ഇങ്ങനെ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട് ഇതിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ പലരും എനിക്ക് ഫോട്ടോ അയച്ചുതന്ന് അന്വഷിക്കുന്നുമുണ്ട്. 

അതേ, ഈ ഫോട്ടോ എന്റേതു തന്നെയാണ് മൈനാഗപ്പള്ളി മിലദേശരിഫ് ഹൈസ്‌കൂളില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥിയായിരുക്കുമ്പോള്‍ കൊല്ലം ജില്ലാ കലോത്സവത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ നടന്ന പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കാരസ്ഥമാക്കിയതിനു അന്നത്തെ ജില്ലാകളക്ടര്‍ ശ്രീ ബാബുജ ജേക്കബ് ആണ് സമ്മാനം നല്‍കുന്നത്.(അദ്ദേഹം പിന്നീട് ചീഫ് സെക്രട്ടറി ആയി റിട്ടയര്‍ ചെയ്തു). 

എന്റെ പ്രസംഗ രംഗത്തെ ഏക ഗുരു എന്റെ പ്രിയ വാപ്പ അബ്ദുസ്സമദ്മാസ്റ്റര്‍ ആയിരുന്നു ഓരോ മത്സരങ്ങള്‍ക്കും പ്രസംഗം പഠിപ്പിച്ച ശേഷം വീട്ടിലെ ഹാളില്‍ ഒരു സ്റ്റൂളിന്റെ മുകളില്‍ എന്നെ കയറ്റിനിര്‍ത്തി പ്രസംഗിപ്പിക്കും. എന്റെ പ്രിയ ഉമ്മായും അനുജനുമായിരുക്കും ശ്രോതാക്കള്‍. മത്സരങ്ങള്‍ക്കെല്ലാം വാപ്പായും കൂടെയുണ്ടാകും. ഉമ്മായ്ക്കായിരിക്കും എന്നേക്കാള്‍ ടെന്‍ഷന്‍ സമ്മാനവുമായി തിരിച്ചുവരുമ്പോഴാണ് ഉമ്മാക്ക് ആശ്വാസമാവുക.

അന്നും എന്നും എന്റെ പ്രിയ ഉമ്മാടെ പ്രാര്‍ഥനയായിരുന്നു എന്റെ ശക്തി. എന്റെ പ്രിയ പിതാവിന്റെ ദീര്‍ഘായുസിനും എന്റെ ഉമ്മായുടെ പരലോക സന്തോഷത്തിനും ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും പ്രാര്‍ത്ഥിക്കണം.....