കൊച്ചി: അഭയകേസില്‍ വിചാരണ നാളെ തുടങ്ങാനിരിക്കെ നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തിയിട്ടില്ലെന്നും വിചാരണ നിര്‍ത്തിവെക്കേണ്ട സാഹചര്യമില്ലെന്നും സിബിഐ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് പ്രതികളായ ഫാ.തോമസ് എം കോട്ടൂരും, സിസ്റ്റര്‍ സെഫിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയത്. 

രണ്ട് പ്രതികളും തിരുവനന്തപുരം സിബിഐ കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും കോടതി തള്ളിയിരുന്നു. തുടര്‍ന്നായിരുന്നു പ്രതികള്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്. കേസില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്യുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും തങ്ങള്‍ക്കെതിരായ മൊഴികള്‍ വിശ്വാസ്യ യോഗ്യമല്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജിയില്‍ വാദം കേള്‍ക്കവെ കേസുമായി ബന്ധപ്പെട്ട ഏത് രേഖകളും കോടതി മുമ്പാകെ ഹാജരാക്കാന്‍ തയ്യാറാണെന്ന് സിബിഐ അറിയിച്ചു. മാത്രമല്ല കുറ്റപത്രവും സാക്ഷിമൊഴികളും അടക്കം കോടതിയില്‍ ഹാജരാക്കാമെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിശദമായ വാദം കേള്‍ക്കാന്‍ കേസ് ഒമ്പതാം തീയതിയിലേക്ക് മാറ്റിവെച്ചു. അഭയ കേസില്‍ ഒന്നും രണ്ടും പ്രതികളാണ് ഫാ.തോമസ് എം കോട്ടൂരും, സിസ്റ്റര്‍ സെഫിയും. മൂന്നാം പ്രതി ജോസ് പൂതൃക്കൈയെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. 

നാളെയാണ് അഭയ കേസില്‍ വിചാരണ തുടങ്ങുന്നത്. അഭയ മരണപ്പെട്ട് 25 വര്‍ഷത്തിന് ശേഷമാണ് വിചാരണാ നടപടികള്‍ തുടങ്ങുന്നത്. 1992  മാര്‍ച്ച് രണ്ടിനായിരുന്നു കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്.