.
ട്രാന്സ്മാന് ആദം ഹാരിക്ക് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നിഷേധിച്ച സംഭവത്തില്‍ കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തെഴുതി എ എ റഹീം എം.പി. പ്രസ്തുത വിഷയത്തില്‍ വ്യോമയാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും ആദം ഹാരിക്ക് ഉടന്‍ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നല്‍കണമെന്നും എം.പി. കത്തില്‍ ആവശ്യപ്പെട്ടു. ഹാരിക്കുണ്ടായ അനുഭവം ഒരു വ്യക്തിക്ക് നേരെ മാത്രമുള്ള ആക്രമണമല്ല, മറിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് നേരെ മുഴുവനായി ഉള്ള ഒന്നാണ്. ഇത്തരം അവകാശ നിഷേധങ്ങള്‍ നടക്കാതിരിക്കാന്‍ കാലോചിതമായ നയമാറ്റങ്ങള്‍ വ്യോമയാന മന്ത്രാലയവും ഡയറക്റ്ററേറ്റും വരുത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
.jpg?$p=c3fc77b&w=610&q=0.8)
എ എ റഹീം എം.പി. എഴുതിയ കത്ത്
ഹോര്‍മോണ്‍ തെറാപ്പി തുടരുന്നതിനാല്‍ ഹാരി പറക്കാന്‍ യോഗ്യനല്ലെന്നായിരുന്നു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിലപാട്. ഇതുസംബന്ധിച്ച് മാതൃഭൂമി ഡോട് കോം പ്രസിദ്ധീകരിച്ച ആദം ഹാരിയുടെ അഭിമുഖം ശ്രദ്ധയില്‍ പെട്ടതോടെയാണ് വിഷയത്തില്‍ എ.എ.റഹീം എംപി ഇടപെട്ടിരിക്കുന്നത്. എംപി എന്ന നിലയില്‍ ഇക്കാര്യം വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും ട്രാന്‍സ് വ്യക്തികള്ക്കായുളള നയരൂപീകരണത്തിനായി വ്യോമയാനമന്ത്രാലയത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും എം.പി. മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.
'വളരെ ആധുനികമായ ഒരു കാലത്താണ് നമ്മള് ജീവിക്കുന്നത്. ലോകത്തിലെ പല രാജ്യങ്ങളും ട്രാന്‍സ് പീപ്പിളിനെ പരിഗണിക്കുന്ന കാര്യത്തില്‍ ഇന്ത്യയേക്കാള്‍ വളരെ മുന്നിലേക്ക് പോയിട്ടുണ്ട്. അക്കാര്യത്തില്‍ ഇന്ത്യയുടേത് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനമാണ്. ചരിത്രത്തില്‍ എഴുതിവെച്ചിരിക്കുന്ന നിരവധി തെറ്റുകള്‍ ഉണ്ട് അതെല്ലാം ഉടനടി തിരുത്തണം അതില്‍ പെട്ട ഒന്നാണ് ഇക്കാര്യവും. ട്രാന്‍സ് വ്യക്തികളെയും മനുഷ്യരായി തന്നെ പരിഗണിക്കണം. ഒരുതരത്തിലുമുളള വിവേചനത്തിനും അവര്‍ ഇരയാകരുത്. ഡി.വൈ.എഫ്.ഐ. എന്ന നിലയിലും ദേശീയതലത്തില്‍ ഈ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരും. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍ പെടുത്തും. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്ത് കൊടുത്തിട്ടുണ്ട്. എം.പി.എന്ന നിലയില്‍ അതല്ലാതെയും വ്യോമയാന മന്ത്രാലയത്തിന് മേല്‍ സമ്മര്‍ദം ചെലുത്തും. ഡിവൈഎഫ്ഐ എന്ന നിലയില്‍ ഇക്കാര്യം ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരും.' എം.പി. പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ പ്രൈവറ്റ് പൈലറ്റ് ലൈസന്‍സുളള രാജ്യത്തെ ആദ്യ ട്രാന്‍സ്മാനാണ് ഹാരി. കൗമാരത്തില്‍ തിരിച്ചറിഞ്ഞ സ്വത്വം മുറുകെ പിടിച്ചുകൊണ്ട് കുടുംബത്തോടും സാഹചര്യങ്ങളോടും കലഹിച്ചും പോരാടിയും കഴിയുന്ന നാളുകളില്‍ പോലും 'പൈലറ്റ്' എന്ന സ്വപ്നം താലോലിച്ച ഹാരിക്ക് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ സഹായവുമായി എത്തിയിരുന്നു. മൂന്നുവര്‍ഷം നീളുന്ന പരിശീലനത്തിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയില്‍ ചേരുന്നതിന് 23.34 ലക്ഷം രൂപയുടെ സക്ളോര്ഷിപ്പ് സാമൂഹ്യനീതി വകുപ്പ് ഹാരിക്ക് അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഹോര്‍മോണ്‍ തെറാപ്പി ചെയ്യുന്നതിനാല്‍ പറക്കുന്നതിന് ആദം ഹാരി യോഗ്യനല്ലെന്ന ഡിജിസിഎയുടെ നിലപാടിനെ തുടര്‍ന്ന് സ്കോളര്‍ഷിപ്പിലെ ആദ്യഗഡുവായി അടച്ച തുക അക്കാദമി സര്‍ക്കാരിന് തിരികെ നല്‍കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..