എ.എ.റഹീം | ചിത്രം: മാതൃഭൂമി
കാസര്‍കോട്: ഡി.വൈ.എഫ്.ഐ.യുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി സംസാരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നന്ദിയറിയിച്ച് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എം.പി.യുമായ എ.എ. റഹീം. നിസ്വാര്‍ഥമായി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസിനും സാധിക്കട്ടെയെന്നും റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഡി.വൈ.എഫ്.ഐ.യെക്കുറിച്ചുള്ള നല്ല വാക്കുകള്‍ക്ക് നന്ദി. നേരത്തേ കെ. സുധാകരനും സമാന സ്വഭാവമുള്ള തുറന്നുപറച്ചില്‍ നടത്തിയിട്ടുണ്ട്. നിസ്വാര്‍ഥമായി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസിനും സാധിക്കട്ടെയെന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു-റഹീം പറഞ്ഞു.
ഫെയ്‌സ്ബുക് കുറിപ്പിന്റെ മുഴുവന്‍ രൂപം:
ഓരോ യുവജന സംഘടനയ്ക്കും അവരുടേതായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുണ്ട്.യുവത്വത്തെ ആവേശഭരിതമാക്കാനും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുമുള്ള മഹത്തായ പോരാട്ടത്തില്‍ അവരെ അണിനിരത്താനും ഇന്ന് ചരിത്രപരമായ ബാധ്യതയുണ്ട്.
ചെറുപ്പത്തെ പരമാവധി രാഷ്ട്രീയ പ്രബുദ്ധമാക്കാനും അവരിലെ സാമൂഹ്യപ്രതിബദ്ധത വളര്‍ത്താനും ഓരോ യുവജന സംഘടനയും നിരന്തരം ശ്രമിക്കേണ്ടതുണ്ട്.
ഡിവൈഎഫ്‌ഐയുടെ പ്രധാന പരിഗണന മേല്പറഞ്ഞ
കാര്യങ്ങളിലാണ്.സ്‌നേഹവും കരുതലും സാന്ത്വനവുമായി,സാമൂഹ്യ പ്രതിബദ്ധതയുടെ,
നന്മയുടെ അടയാളമായി ഡിവൈഎഫ്‌ഐ,
നിസ്വാര്‍ത്ഥവും ത്യാഗനിര്‍ഭരവുമായ അതിന്റെ
യാത്ര തുടരുന്നു.
മറ്റ് യുവജന സംഘടനകളും ഇത്തരം
സാമൂഹ്യമായ കടമകള്‍ ഡിവൈഎഫ്ഐയെപ്പോലെതന്നെ നിര്‍വഹിച്ചാല്‍ സമൂഹത്തില്‍ അത് വലിയ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കും.ഉയര്‍ന്ന പുരോഗമന രാഷ്ട്രീയ മൂല്യങ്ങള്‍ പിന്തുടരാതെ അത് സാധ്യവുമാവില്ല.
ശ്രീ രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്‌ഐ
യെ കുറിച്ചുള്ള നല്ല വാക്കുകള്‍ക്ക് നന്ദി.നേരത്തെ ശ്രീ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചില്‍ നടത്തിയിട്ടുണ്ട്.
നിസ്വാര്‍ത്ഥമായി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ്സിനും സാധിക്കട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.
കോവിഡ് കാലത്ത് ഡി.വൈ.എഫ്.ഐ. നടത്തിയ പ്രവര്‍ത്തനങ്ങളും പൊതിച്ചോറ് വിതരണവും എടുത്തുപറഞ്ഞായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. യൂത്ത് കോണ്‍ഗ്രസിന്റെ കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍വെച്ചായിരുന്നു ചെന്നിത്തല ഡി.വൈ.എഫ്.ഐ.യുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി, യൂത്ത് കോണ്‍ഗ്രസിനെതിരേ തിരിഞ്ഞത്.
കോവിഡ് വന്ന സമയത്ത് നമ്മള്‍ യൂത്ത് കെയര്‍ ഉണ്ടാക്കി. പക്ഷേ, 'കെയര്‍' മാത്രം ഉണ്ടായില്ല. അതേസമയം ഡി.വൈ.എഫ്.ഐ.ക്കാര്‍ സജീവമായി. മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങളായി ഉച്ചയൂണ്‍ വിതരണം നടത്തുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക തലത്തില്‍ കൂടുതല്‍ സജീവമാകണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
Content Highlights: aa rahim, dyfi, ramesh chennithala, youth congress


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..