അബൂബക്കർ സിദ്ദീഖ്
പെരിന്തൽമണ്ണ: ഒരു വർഷം മുൻപ് ബൈക്ക് കാണാതായ കേസിന്റെ അന്വേഷണം താത്കാലികമായി അവസാനിപ്പിച്ചെങ്കിലും നിരീക്ഷണക്യാമറാക്കണ്ണ് തുറന്നിരിക്കുകയായിരുന്നു. ഒടുവിൽ കാണാതായ ബൈക്ക് സഹിതം പ്രതിയെ പോലീസ് പിടികൂടി. പെരിന്തൽമണ്ണ പോലീസ് രജിസ്റ്റർ ചെയ്ത് 2022 ജൂലായ് എട്ടിന് കോടതിയുടെ അനുമതിയോടെ അന്വേഷണം അവസാനിപ്പിച്ച കേസിലാണ് പ്രതിയെയും തൊണ്ടിമുതലും കണ്ടെത്തിയത്.
പട്ടാമ്പി ഓങ്ങല്ലൂർ കുന്തക്കാട്ടിൽ അബൂബക്കർ സിദ്ദീഖ് (37) ആണ് ബൈക്ക് സഹിതം പിടിയിലായത്. 2021 ഡിസംബർ 26-ന് പുലർച്ചെയാണ് പരിയാപുരം തട്ടാരക്കാട് റോഡിലെ മുട്ടത്ത് ജോസഫിന്റെ കാർപോർച്ചിൽ നിർത്തിയിരുന്ന ബൈക്ക് കാണാതായത്. പരാതിയിൽ കേസെടുത്ത് പെരിന്തൽമണ്ണ പോലീസ് പലവിധത്തിൽ അന്വേഷിച്ചെങ്കിലും ബൈക്കോ പ്രതിയെയോ കണ്ടെത്താനായില്ല. ആറു മാസം കഴിഞ്ഞാൽ ഇത്തരം കേസുകളിൽ കോടതിയുടെ അനുമതിയോടെ അന്വേഷണം താത്കാലികമായി അവസാനിപ്പിക്കാമെന്നതിന്റെ അടിസ്ഥാനത്തിൽ പോലീസ് കോടതിയെ സമീപിച്ചു. തുടർന്ന് തെളിയിക്കാൻ കഴിയാത്ത(യു.ഡി.) കേസുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി അന്വേഷണം അവസാനിപ്പിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി പോലീസിന്റേതായ അന്വേഷണസംവിധാനങ്ങളിൽ വാഹനത്തിന്റെ നമ്പർ അടക്കമുള്ള വിവരങ്ങൾ നൽകിയിരുന്നു. നിരീക്ഷണക്യാമറകളുടെ ഏകോപന സംവിധാനമായ എ.എൻ.പി.ആർ. കൺട്രോളിലും വിവരം നൽകിയിരുന്നു. ചൊവ്വാഴ്ച കോഴിക്കോട് കടലുണ്ടി പാലത്തിന് സമീപത്തെ സി.സി.ടി.വി. ക്യാമറയിൽ ബൈക്കിന്റെ ദൃശ്യം പതിഞ്ഞതായി കണ്ടെത്തി. തുടർന്ന് പാലത്തിനടുത്ത് നടത്തിയ പരിശോധനയിൽ ബൈക്ക് സഹിതം അബൂബക്കർ സിദ്ദീഖിനെ ബേപ്പൂർ പോലീസ് പിടികൂടുകയായിരുന്നു. പെരിന്തൽമണ്ണ എസ്.ഐ. എ.എം. യാസിർ ബേപ്പൂരിലെത്തി പ്രതിയെയും ബൈക്കും കസ്റ്റഡിയിൽ വാങ്ങി. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിന്റെ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.
Content Highlights: Malappuram, Bike, Theft, CCTV Camera
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..