കോഴിക്കോട്: നിയമ വിരുദ്ധ കാര്യങ്ങൾ നടപ്പിലാക്കിക്കാനാണ് ഉദ്യോഗാർഥികളുടെ സമരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്നാണ് ആവശ്യം. ഇത് നടക്കാത്ത കാര്യമാണ്. ഊദ്യാഗാർഥികളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിജയരാഘവൻ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

അപവാദ പ്രചാരണം എന്നത്  യു.ഡി.എഫിൻ്റെ ജോലിയായി മാറി. അപവാദത്തിൻ്റെ വിവിധ ഘട്ടങ്ങളിലൂടെയാണ് അവർ കഴിഞ്ഞ കുറെ മാസമായി കഴിഞ്ഞ് പോവുന്നത്. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്ന ആവശ്യവുമായാണ് ഇപ്പോൾ സമരം.എന്നാൽ ഇത് കേരളം തിരിച്ചറിഞ്ഞെന്നും വിജയരാഘവൻ പറഞ്ഞു. സമരം ഏൽക്കുന്നില്ലെന്ന് കണ്ടതോടെ അക്രമം അഴിച്ചുവിടാൻ ശ്രമിച്ചു. ഇത് ഗൂഡാലോചന ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അക്രമ സമരത്തിന് മുന്നിൽ നിൽക്കണമെന്ന് യൂത്ത് ലീഗ് നിർദേശം കൊടുത്തിരിക്കയാണ്. ഇത് ആസൂത്രിത നീക്കമാണ്. ബി.ജെ.പി യോട് നല്ല ഒരുമയിലാണ് കേരളത്തിലെ കോൺഗ്രസ്. കേരളത്തിലെ കോൺഗ്രസും ബിജെപിയും ഏറെ സൗഹൃദത്തിലാണ് എന്നതിൻ്റെ തെളിവാണ് ഒരു എം.എൽ.എ കത്തയച്ച മടക്ക തപാലിൽ തന്നെ ഇവിടെ സി.ബി.ഐ എത്തിയത്. നല്ലതെന്ന് കേരളം അംഗീകരിച്ച എല്ലാം പൂട്ടുമെന്നാണ് രമേശ് ചെന്നിത്തലയുടെ യാത്രയിലുട നീളം പ്രസംഗിക്കുന്നത്.

ഉമ്മൻ ചാണ്ടി വഴിയിലുപേക്ഷിച്ച പദ്ധതികളാണ് പിണറായി വിജയൻ നടപ്പിലാക്കിയത്. തെറ്റായ സമരക്കാർ പറയുന്ന കാര്യമല്ല യാഥാർഥ്യമെണ് കേരളം തിരിച്ചറിഞ്ഞെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടാക്കുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ആ ചോദ്യം ഇപ്പോഴും നില നിൽക്കുന്നു. ഇതിനൊന്നും ആരും ഉത്തരം നൽകിയിട്ടില്ല. ഉമ്മൻ ചാണ്ടിയെ പോലുള്ള നേതാക്കൾ നിശബ്ദരാണെന്നും വിജയരാഘവൻ പറഞ്ഞു.