തൃശൂര്‍: ശബരിമല വിഷയത്തില്‍ കേസുകള്‍ പിന്‍വലിച്ചത് പാര്‍ട്ടി നിലപാടിലെ മാറ്റംകൊണ്ടല്ലെന്നും ചില സംഘടനകള്‍ ആവശ്യപ്പെട്ടതിനാലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ശബരിമല വിഷയത്തെക്കുറിച്ച് ഇടതുമുന്നണിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങളിലെന്നും അദ്ദേഹം പറഞ്ഞു. 

സമൂഹത്തില്‍ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. ഇതിന്റെ ഭാഗമായി പോലീസ് ചില കേസുകളും രജിസ്റ്റര്‍ ചെയ്യും. ഇതില്‍ അതിഗുരുതരമല്ലാത്ത കേസുകള്‍ ഒഴിവാക്കുക എന്നത് ശരിയായ നിലപാടാണ്. സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചു എന്നുമാത്രമേയുള്ളു. അത്തരം ചില ആവശ്യങ്ങള്‍ ഉയര്‍ന്നുവരുകയും ചെയ്തു. മറ്റുവിഷയങ്ങള്‍ ഇതിലേക്ക് കണ്ണിചേര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

യുഡിഎഫിന് കൃത്യമായ രാഷ്ട്രീയ അജണ്ടയില്ല. അതുകൊണ്ടാണ് അവര്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

നേരത്തെ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമല-പൗരത്വ നിയമ കേസുകള്‍ പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചത്.

content highlights: A Vijayaraghavans explanation on sabarimala case withdrawal decision