തിരുവനന്തപുരം : പ്രളയ ദുരിതശ്വാസത്തിന് ദേശീയ നിധിയില്‍ നിന്ന് കേരളത്തിന് സഹായം അനുവദിക്കാത്തത് അമിത് ഷായ്ക്ക് കേരളത്തോടുള്ള കടുത്ത വൈരാഗ്യം കാരണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്.
കേരളത്തെ തഴഞ്ഞത് രാഷ്ട്രീയ പകപോക്കലും നീതി നിഷേധവുമാണ്. ഏഴു സംസ്ഥാനങ്ങള്‍ക്ക് 5908 കോടി രൂപ അനുവദിച്ചപ്പോള്‍ അവയെക്കാള്‍ കനത്ത ദുരന്തം നേരിട്ട കേരളത്തെ ഒഴിവാക്കിയതിന് ഒരു ന്യായീകരണവുമില്ല. ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ദുരിതാശ്വാസ സമിതി യോഗമാണ് കേരളത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. കേരളത്തോടുള്ള കടുത്ത രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് അമിത് ഷായെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണെന്നും വിജയരാഘവന് പറഞ്ഞു.
2018ല്‍ മഹാപ്രളയം ഉണ്ടായപ്പോഴും കേരളത്തിന് കാര്യമായ സഹായം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. പ്രധാനമന്ത്രി ഉള്‍പ്പെടെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയെങ്കിലും ദുരിതബാധിതര്‍ക്ക് ആശ്വാസം എത്തിക്കാന്‍ തയ്യാറായില്ല. ഇതിന്റെ തുടര്‍ച്ചയായുള്ള രാഷ്ട്രീയ വിവേചനമാണ് ഇത്തവണയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രം സഹായിച്ചില്ലെന്ന് മാത്രമല്ല, യു.എ.ഇയുടെ സഹായ വാഗ്ദാനത്തെ എതിര്‍ത്ത് ഇല്ലതാക്കുകയും ചെയ്തു. 2109 കോടിയുടെ അടിയന്തര സഹായമാണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്ര സഹായം നിഷേധിച്ച് സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാനാണ് ശ്രമം. കടം എടുക്കല്‍ പരിധി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും അംഗീകരിച്ചിട്ടില്ല. ഈ അനീതിയും അവഗണനയും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് എ. വിജയരാഘവന് പറഞ്ഞു.
Content Highlights: A.Vijayaraghavan statement on rejecting Central Govt Flood relief fund to Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..