എ.വിജയരാഘവൻ
കണ്ണൂര്‍: നിലപാടുകളിലെ താത്വിക ശൈലി. പ്രസംഗങ്ങളിലെ നാട്ടുഭാഷ. എ.വിജയരാഘവനെന്ന സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പ്രവര്‍ത്തകര്‍ക്കിടയില്‍ പെട്ടെന്ന് സ്വീകാര്യനായത് പാര്‍ട്ടിക്കുള്ളിലെ വിജയരാഘവന് സ്റ്റൈലുകൊണ്ടു തന്നെയാണ്. ദാരിദ്ര്യത്തിന്റെ രുചിയറിഞ്ഞ ബാല്യത്തില്‍ നിന്ന് ചെങ്കൊടി പിടിച്ച് വിദ്യാഭ്യാസരംഗത്തും പാര്‍ട്ടി രംഗത്തുമെല്ലാം വിജയക്കൊടി പാറിച്ചപ്പോള്‍ കിട്ടിയ പദവിയിലും നേട്ടത്തിലുമെല്ലാം പാര്‍ട്ടിക്ക് 'ബെസ്റ്റ് ചോയ്സ് ,എന്ന് തെളിയിച്ച് കൊടുത്തു ഈ മലപ്പുറംകാരന്. ഈയൊരു ബെസ്റ്റ് ചോയ്സ് തന്നെയാണ് കണ്ണൂരില്‍ നടന്ന സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വിജയരാഘവന് മുതിര്‍ന്ന നേതാക്കളായ ഇ.പി ജയരാജനേയും തോമസ് ഐസക്കിനേയും മറികടന്ന് പി.ബിയില്‍ സ്ഥാനമുറപ്പിക്കാന്‍ വഴിയൊരുക്കിയത്.
പാര്‍ട്ടിയില്‍ വിഭാഗീയത കൊടി കുത്തിയ കാലത്ത് ഔദ്യോഗിക പക്ഷത്തിന്റെ നാവായിരുന്നു വിജയരാഘവന്. ദീര്‍ഘകാലത്തെ ദില്ലി പ്രവര്‍ത്തനം ബോണസ് മാര്‍ക്ക് കൊടുത്തപ്പോള്‍ സ്ഥലമേതായാലും പ്രവര്‍ത്തനമാണ് പ്രധാനമെന്ന് തെളിയിച്ച് കൊടുത്തു കേരളത്തിലെത്തിയപ്പോള്‍. അസുഖബാധിതനായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധിയില്‍ പോയപ്പോള്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം വഹിക്കുമ്പോള്‍ തന്നെയാണ് ആക്ടിംഗ് സെക്രട്ടറി സ്ഥാനത്തേക്കും വിജയരാഘവന് പരിഗണിക്കപ്പെട്ടത്. ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയെ ഉജ്ജ്വല വിജയത്തിലെത്തക്കാന് കഴിഞ്ഞത് വിജയരാഘവന് നേട്ടവുമായി. കേരളകോണ്‍ഗ്രസ്(എം)നെ-ഇടതുമുന്നണിയിലേക്കെത്തിക്കാനുള്ള ചരട് വലി നടന്നതും വിജരാഘവന്റെ കാലത്തായിരുന്നു.
പ്രസംഗത്തിലെ നാക്ക് പിഴയും നാടന്‍ ശൈലിയും വിജയരാഘവനെ പലപ്പോഴും വിവാദത്തിലാക്കിയെങ്കിലും അവിടെയൊക്കെ പാര്‍ട്ടി അദ്ദേഹത്തെ ചേര്‍ത്തുപിടിച്ചു. ഒരു തവണ ലോക്സഭാ അംഗമായും രണ്ട് തവണ രാജ്യസഭാ അംഗമായും തിരഞ്ഞെടുക്കപ്പെട്ട വിജയരാഘവന് 2014-ല്‍ പതിനാറാം ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. ഏറെ ദുരിതം നിറഞ്ഞ ബാല്യമായിരുന്നുവെങ്കിലും മലപ്പുറം ഗവ.കോളേജില്‍ നിന്ന് ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്കോടെ വിജയിച്ച് ബിരുദവും, കോഴിക്കോട് ഗവ.ലോകോളേജില്‍ നിന്ന് നിയമ ബിരുദവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കര്‍ഷ തൊഴിലാളി യൂണിയന് അഖിലേന്ത്യാ സെക്രട്ടറി, എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ്, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം തുടങ്ങി നിരവധി പാര്‍ട്ടി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും കേരള വര്‍മ കോളേജ് മുന്‍ അധ്യാപികയുമായ ആര്.ബിന്ദുവാണ് ഭാര്യ.
Content Highlights: A Vijayaraghavan Selected In Polit Bureau
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..