തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം നടത്തിയ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് വിശദീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍.

കോവിഡ് ചികിത്സയുമായി ബന്ധപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കോവിഡ് വാക്‌സിനും കോവിഡ് ചികിത്സയുടെ ഭാഗമാണ്. കോവിഡ് കാര്യങ്ങള്‍ വിശദീകരിക്കാനുള്ള വാര്‍ത്താസമ്മേളനത്തില്‍ കോവിഡ് വാക്‌സിന്‍ സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങളോ പ്രസ്താവനയോ നടത്തുന്നത് സ്വാഭാവികമാണ്. അതില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎ ഹസ്സന്റെ വാദം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് വാക്‌സിന്‍ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനം തന്നെയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂരില്‍ വെച്ച് ഇത്തരം പ്രഖ്യാപനം നടത്തിയത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും ഹസ്സന്‍ ആരോപിച്ചു. 

ഈ വാദങ്ങളെ തള്ളിയാണ് എ വിജയരാഘവന്‍ രംഗത്തെത്തിയത്. വളരെ സമഗ്രമായി രാഷ്ട്രീയ വിഷയങ്ങളും തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളും സംബന്ധിച്ച് ഇടതുമുന്നണിയുടേയും ഈ സര്‍ക്കാരിന്റേയും നിലപാട് പറയുയാണ് മുഖ്യമന്ത്രി ചെയ്തത്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ഘട്ടത്തില്‍ അത് സ്വാഭാവികമാണ്. ഏത് പ്രസ്താവനയും ഉത്തരവാദിത്ത ബോധത്തോടെ നടത്തുന്ന ഒരാളാണ് മുഖ്യമന്ത്രി. അദ്ദേഹം പറഞ്ഞതെല്ലാം കൃത്യതയുള്ള നിലപാടുകളാണ്. 

സ്വന്തം രാഷ്ട്രീയ നിലപാടുകളില്‍ വ്യക്തത ഇല്ലാത്തതുകൊണ്ട് സ്വന്തം സഖ്യം വിശദീകരിക്കാന്‍ പാടുപെടുകയാണ് യുഡിഎഫ്. അതുകൊണ്ടാണ് ലൈഫ് ഉള്‍പ്പെടെയുള്ള കേരളത്തിന്റെ സ്വപ്‌നപദ്ധതികളെ അട്ടിമറിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നത്.  നിരാശയില്‍ നിന്നുയര്‍ന്നുവന്ന അഭിപ്രായ പ്രകടനങ്ങളായി ഇതിനെ കണ്ടാല്‍ മതി. അതില്‍നിന്നാണ് ഈ ബാലിശമായ വാദങ്ങള്‍ ഉണ്ടാവുന്നതെന്നും എ വിജയരാഘവന്‍ പ്രതികരിച്ചു. 

Content Highlights: A Vijayaraghavan's explanation on free covid vaccine offer by CM Pinarayi Vijayan