തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐക്ക് വിട്ടതെന്നും സ്വാഭാവിക നടപടി മാത്രമാണിതെന്നും എല്‍.ഡി.എഫ്. കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവന്‍. രാഷ്ട്രീയ നീക്കം എന്ന നിലയില്‍ ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പരാതിക്കാരി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സോളാര്‍ പീഡന കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. നീതി ഉറപ്പാക്കുന്നതിനുള്ള സ്വാഭാവിക നടപടി എന്ന നിലയിലാണ് ഇത്. അതിനെ മറ്റൊരു തരത്തില്‍ കാണേണ്ടതില്ല. മറ്റു പല കേസുകളിലും സിബിഐ അന്വേഷണം എന്ന ആവശ്യം ഉയര്‍ന്നുവന്നപ്പോള്‍ ഇത്തരം നിലപാട് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമം അതിന്റെ വഴിക്ക് എന്ന നിലപാടാണ് ഇക്കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. നിയമാനുസൃതമായാണ് സര്‍ക്കാര്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയത്. അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും തെളിവ് ശേഖരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും ചെയ്തതാണ്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടിയും, വിജയരാഘവന്‍ വ്യക്തമാക്കി.
Content Highlights: A Vijayaraghavan responds on Solar case cbi probe