തിരുവനന്തപുരം : കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡ് വിവാദത്തില്‍ ധനമന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങളടക്കം പാര്‍ട്ടി ചര്‍ച്ച ചെയ്ത ശേഷം അഭിപ്രായം പറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"വ്യത്യസ്ത പ്രതികരണങ്ങളാണ് ഉണ്ടായത്. ആ പ്രതികരണങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. അത് ചര്‍ച്ചയ്ക്കു ശേഷമേ പറയാനാവൂ", വിജയരാഘവന്‍ പറഞ്ഞു.
വിജിലന്‍സുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവനകള്‍ ഇരട്ടത്താപ്പാണെന്നും വിജയരാഘവന്‍ പറഞ്ഞു.
'പ്രതിപക്ഷ നേതാവ് പലതും പറയും. ഇവിടെ വിജിലന്‍സ് നല്ലതാണെന് പറയും. അദ്ദേഹത്തിനു നേരെ അന്വേഷണം വരുമ്പോള്‍ മോശമാണെന്ന് പറയും. ഇരട്ടത്താപ്പ് പ്രതിപക്ഷ നേതാവിന്റെ സഹജസ്വഭാവമാണ്. അദ്ദേഹത്തിന് ഗുണം കിട്ടുമോ എന്ന് നോക്കിയാണ് അദ്ദേഹം അഭിപ്രായം പറയുന്നത്. അല്ലാതെ വസ്തുതകളുടെ പിന്‍ബലത്തിലല്ല. ആ അഭിപ്രായത്തെ അങ്ങനെ കണ്ടാല്‍ മതി', മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
സോളാറുമായി ബന്ധപ്പെട്ട വിവാദങ്ങളോടും അദ്ദേഹം പ്രതികരിച്ചു.
"ഒരാള്‍ രാജിവെച്ചു കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അദ്ദേഹം പറഞ്ഞതിന് വലിയ പരിഗണന കൊടുത്ത് ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ പ്രതികരിച്ചു. ഇരയായ ആളുകളുടെ അഭിപ്രായവും വന്നല്ലോ, അതല്ലേ പ്രധാനം. കോണ്‍ഗ്രസ്സിലേക്ക് കൂറുമാറി ഉമ്മന്‍ചാണ്ടിയെ സഹായിക്കാന്‍ നടത്തിയ പ്രസ്താവനയെ പിന്‍പറ്റി എല്ലാം അവസാനിച്ചു എന്ന് പറയാന്‍ കഴിയുമോ. അന്വേഷണത്തിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ട് ഉണ്ടല്ലോ. അതിനുസരിച്ച് കാര്യങ്ങള്‍ നീങ്ങും.സോളാര്‍ അന്വേഷണത്തിനു ശേഷമുള്ള തുടര്‍നടപടികള്‍ നടക്കുകയാണ്. അതിനനുസരിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളും. കോണ്‍ഗ്രസ്സുകാരുടെ വൈഭവമാണ് ബാര്‍കോഴ കേസിന്റെ എല്ലാ നാള്‍വഴികളും കാണുന്നത്. ബാര്‍ പൂട്ടിക്കാനും തുറക്കാനും പിരിവ്. ഏതായാലും പിരിവുണ്ട്.
കോണ്‍ഗ്രസ്സ് കാശുണ്ടാക്കാനുള്ള വഴി എന്ന രീതിയിലാണ് അതിനെ ഉപയോഗപ്പെുടുത്തിയത്. കൊടുത്തതിനേക്കാള്‍ ഏറെ പിരിക്കേണ്ടി വന്നിട്ടുണ്ട്. പല സന്ദര്‍ഭങ്ങളിലായി ചോദിച്ചു വാങ്ങിയിട്ടുണ്ട്. കൊടുത്ത് മടുത്തപ്പോള്‍ നാട്ടുകാരെ അറിയിക്കണം എന്ന തരത്തില്‍ തുറന്നു പറയുകയായിരുന്നു", വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
ദിവംഗതനായ ഒരാളെ കുറിച്ചുള്ള ചോദ്യമാണ്. നമ്മളാരെങ്കിലും അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടോ എന്നു പറഞ്ഞ് മാണിയുമായുള്ള ചോദ്യത്തിൽ നിന്ന് വിജയരാഘവൻ ഒഴിഞ്ഞുമാറി.
content highlights: A Vijayaraghavan Press meet On KSFE Controversy and Solar case