എ.വിജയരാഘവൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നത് ആക്ഷേപം മാത്രമാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്‍. കേന്ദ്ര മന്ത്രി ആക്ഷേപം ഉന്നയിച്ചു കൊണ്ടേയിരിക്കുന്നു. ആക്ഷേപം ഉന്നയിക്കല്‍ മന്ത്രിയായി അദ്ദേഹം മാറി. തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് തരംതാണ പ്രസ്താവനകള്‍ ആവര്‍ത്തിച്ച് നടത്തുന്നു. ഇത്തരം പ്രസ്താവനകളുടെ അനുരണനമാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനയിലും കാണുന്നത്. ഒരേ വാക്കുപയോഗിച്ച് രണ്ട് പേരും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നു.
കേരളത്തിലെ ജനപിന്തുണ ഇത്തരം തെറ്റായ സമീപനങ്ങള്‍ക്ക് ലഭിക്കില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. കേരളത്തില്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ഒരു കോടി വാക്‌സിന്‍ ചുരുങ്ങിയത് ലഭിക്കണം. വാക്സിന്‍ കൂടുതല്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഇടതുമുന്നണിയും കൂടുതല്‍ വാക്സീന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിലേക്ക് രണ്ട് സീറ്റുകളില്‍ ഇടതുമുന്നണിക്ക് വിജയിക്കാനാവും. അതില്‍ സിപിഎം പ്രതിനിധികള്‍ മത്സരിക്കണമെന്നാണ് ഇടതുമുന്നണി തീരുമാനിച്ചത്. സിപിഎം സംസ്ഥാന സമിതിയംഗം ഡോ വി ശിവദാസന്‍, കൈരളി ടിവി മാനേജിങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസുമാണ് മത്സരിക്കുക. 'കെകെ രാഗേഷ് പാര്‍ലമെന്ററി പദവിയില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചു. ജോണ്‍ ബ്രിട്ടാസ് ഇടതുപക്ഷ പത്രപ്രവര്‍ത്തനം നല്ല രീതിയില്‍ നിര്‍വ്വഹിച്ചു. പാര്‍ട്ടിയുടെ പൂര്‍ണ്ണ ബോധ്യത്തോടെയാണ് രണ്ട് പേരെയും തീരുമാനിച്ചത്.
എന്‍എസ്എസ് സംബന്ധിച്ച് സിപിഎം നിലപാടാണ് ദേശാഭിമാനി ലേഖനത്തില്‍ വ്യക്തമാക്കിയത്. എന്‍എസ്എസ് പറയുന്ന എല്ലാത്തിനോടും പദാനുപദ മറുപടി ആവശ്യമില്ല. തന്നെക്കുറിച്ച് പറയാന്‍ എന്‍എസ്എസിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..