ആലപ്പുഴ: യു.ഡി.എഫിന്റെ ശബരിമല കരടുനിയമത്തില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്‍. രാജ്യത്തെ ഭരണഘടനാപരമായ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും കോടതികള്‍ക്കും ചില അധികാരങ്ങളുണ്ട്. ആ അധികാരങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള അവ്യക്തതയാവാം ഒരുപക്ഷെ ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. 

നിയമപരമായാണ് കാര്യങ്ങള്‍ നടക്കുക. സുപ്രീം കോടതിയുടെ വിശാല ബെഞ്ചിനു മുന്നിലുള്ള വിഷയത്തില്‍ ഏത് ഭരണഘടനയും ഏത് നിയമവും അനുസരിച്ചാണ് കോണ്‍ഗ്രസ് നിയമം ഉണ്ടാക്കാന്‍ പോകുന്നതെന്നും അദ്ദേഹം ആരാഞ്ഞു. ഒന്നാമത് അവര്‍ ഇപ്പോള്‍ അധികാരത്തില്‍ ഇല്ല. ഇനി അധികാരത്തില്‍ വരുമെന്ന് കരുതിയാണെങ്കില്‍, വരാനും പോകുന്നില്ല. പിന്നെ നിയമപരമായ അവകാശവുമില്ല. സുപ്രീം കോടതിയുടെ വിശാലബെഞ്ച് ചര്‍ച്ച ചെയ്ത വിഷയത്തില്‍ നിയമം നിര്‍മിക്കാന്‍ ആവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. 

കോടതിയുടെ തീരുമാനത്തിന് മുകളില്‍ അത്തരമൊരു നിയമം പാസാക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നത് വസ്തുതയായിരിക്കെ ജനങ്ങളെ പറ്റിക്കുക, പറഞ്ഞു പറ്റിക്കുക എന്ന സ്ഥിരം കാര്യപരിപാടിയുടെ ഭാഗമാണിത്. നാട്ടുകാരെ പറ്റിച്ച് ഉപജീവനം കഴിക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വമാണ് ഇന്ന് കോണ്‍ഗ്രസിനുള്ളത് എന്ന് വ്യക്തമാക്കുന്ന നടപടിയാണ് ഈ വ്യാജ ബില്ലിലൂടെ ബോധ്യപ്പെടുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.  

അധികാരത്തിലെത്തിയാല്‍ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുമെന്നാണ് യു.ഡി.എഫ്. വ്യക്തമാക്കിയിട്ടുള്ളത്. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യു.ഡി.എഫ്. പുറത്തുവിട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണ് കരട് പുറത്തുവിട്ടത്. ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ട് വര്‍ഷം തടവ് ലഭിക്കുമെന്നും ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും കരട് പറയുന്നു.

content highlights: a vijayaraghavan on udf sabarimala act draft