തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസ്സ് വലിയ ആശയക്കുഴപ്പത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷനേതാവിന്റെയും പ്രസ്താവനയില്‍ നിന്ന് അതാണ് വ്യക്തമാകുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

"വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം തുടരില്ല എന്നാണ് കെപിസിസി അധ്യക്ഷന്‍ ഇന്നലെ വ്യക്തമാക്കിയത്. ആനയും അംബാരിയുമായി അമീറിനെ കാണാന്‍ പോയത് കോണ്‍ഗ്രസ്സിന് തിരിച്ചടിയുണ്ടാക്കിയെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ഇന്ന് പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തിയപ്പോള്‍ പൂര്‍ണ്ണമായും ലീഗിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ലീഗും വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം തുടരുമെന്നാണ് ലീഗ് പറയുന്നത്. കോണ്‍ഗ്രസ്സിന്റെ പൊതു നയങ്ങള്‍ക്ക് എതിരായ രാഷ്ട്രീയ നിലപാടാണത്. ലീഗ് ആ നിലപാടില്‍ തുടരുമ്പോള്‍ അതിനോടുള്ള കോണ്‍ഗ്രസ്സ് നിലപാട് കേരളീയ സമൂഹത്തിനു മുന്നില്‍ വ്യക്തമാക്കണം.

ലീഗ് വെല്‍ഫെയര്‍ ബന്ധം തുടരുമ്പോള്‍ അതിന്റെ പിന്തുടര്‍ച്ചക്കാരായി കോണ്‍ഗ്രസ്സ് മുന്നോട്ടു പോകുമോ. അത് വ്യക്തമാക്കേണ്ടതുണ്ട്. പരസ്പര വിരുദ്ധമായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിച്ച് പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയത്തില്‍ ജനങ്ങളെ കബളിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തരുത്. ജനങ്ങളുടെ മുമ്പില്‍ നിലപാട് കൃത്യമായും വ്യക്തമാക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ അതിനു കഴിയാത്ത വലിയ ആശയക്കുഴപ്പത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം ചെന്നു ചാടി എന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവനകള്‍", എ. വിജയരാഘവന്‍ പറഞ്ഞു.

ലീഗാണ് നയം തീരുമാനിച്ചതും ലീഗാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യുണ്ടാക്കി ഇത് രാഷ്ട്രീയ നിലപാടാണെന്ന് പ്രഖ്യാപിച്ചതും. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം കോണ്‍ഗ്രസ്സ് അംഗീകരിക്കുന്നതുപോലെയായി ഈ പ്രസ്താവനകള്‍. ഇത്തരമൊരു മുന്നണിയെ സഹായിക്കുക ബിജെപിയുടെ ഹിന്ദുത്വ തീവ്രവാദ രാഷ്ട്രീയത്തിന് ന്യായീകരണം നല്‍കാനാണ്. ന്യൂനപക്ഷ വര്‍ഗ്ഗീയത ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്ക് സഹായകരമാകുന്നത് ആ നിലയിലാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

ലീഗ് വെല്‍ഫെയര്‍ ബന്ധത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെയും എ. വിജയരാഘവന്‍ സ്വാഗതം ചെയ്തു

"ബിജെപിക്കെതിരായ പൊതു മുന്നേറ്റത്തിന് തടസ്സമുണ്ടാക്കുന്നതാണ് ന്യൂനപക്ഷ വര്‍ഗ്ഗീയ കൂട്ടായ്മകള്‍. അതിനാലാണ് മുഖ്യമന്ത്രി കൃത്യമായും വിമര്‍ശിച്ചത്. നമ്മുടെ സമൂഹം വര്‍ഗ്ഗീയമായി ചേരിതിരിക്കപ്പെടാതിരിക്കാനുള്ള രാഷ്ട്രീയ നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാല്‍ സ്വന്തം തെറ്റ് തിരുത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറാവുന്നില്ല. ലീഗിനെയും വെല്‍ഫെയറിനെയും ന്യായീകരിക്കുകയാണ് അവര്‍ ചെയ്യുന്നത്. ശരിയായ നിലപാടെടുത്ത മുഖ്യമന്ത്രിയെയാണ് അവര്‍ വിമര്‍ശിക്കുന്നത്.അത് തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി കൊണ്ടാണ്", വിജയരാഘവൻ പറഞ്ഞു.‌‌ 

പാര്‍ലമെന്റലേക്ക് പോയവര്‍ നിയമസഭയില്‍ വരുന്നതിനെ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വിമര്‍ശിച്ചു. എന്നാല്‍ എംപി സ്ഥാനം രാജിവെച്ച് നിയമസഭയില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ലീഗ് ഇതിനോടകം നടത്തിക്കഴിഞ്ഞു. വ്യക്തതയുള്ള രാഷ്ട്രീയത്തിന്റെ കുറവ് യുഡിഎഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുവെന്നും വിജയരാഘവൻ പറഞ്ഞു. 

"ലീഗിനെ ഭയക്കുന്നത് കൊണ്ട് ലീഗ് നടത്തുന്ന കൊലപാതക രാഷ്ട്രീയത്തെ വിമര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. എല്ലാ നിരാശയുടെയും പരിഹാരം മുഖ്യമന്ത്രിക്കുനേരെ ആക്ഷേപം ഉന്നയിക്കലാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തന ശൈലി കേരളം അംഗീകരിക്കുന്നില്ല എന്ന് തിരഞ്ഞെടുപ്പില്‍ ബോധ്യപ്പെട്ടതാണ്. 

നിലവിലെ കോണ്‍ഗ്രസ്സ് നിലപാട് ബിജെപിയുടെ രാഷ്ട്രീയ നിലപാടിന് സാധൂകരണം നല്‍കുന്നതാണ്. ബിജെപി വര്‍ഗ്ഗീയമായി ആളുകളെ സംഘടിപ്പിച്ച് തീവ്ര ഹിന്ദുത്വവും അതിന്റെ നയങ്ങളും വിദ്വേഷത്തിന്റെ രാഷ്ട്രീയവും പ്രചരിപ്പിക്കുന്നതിനെ ന്യായീകരിക്കുന്നതാണ് ഇസ്ലാമിക മതമൗലികവാദം. അതിനോടാണ് കോണ്‍ഗ്രസ്സ് സന്ധി ചെയ്തിരിക്കുന്നത്. മലപ്പുറത്തെ 20 ഇടങ്ങളില്‍ ബിജെപി ജമാഅത്തെ ലീഗ് എന്നിവര്‍ ചേര്‍ന്ന് വോട്ടുകച്ചവടം നടത്തി", വിജരാഘവൻ പറഞ്ഞു.

എൻസിപിയുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ച തിരഞ്ഞെടുപ്പടുക്കുമ്പോഴേ തീരുമാനമെടുക്കൂവെന്നും വിജയരാഘവൻ അറിയിച്ചു. 

എന്‍സിപി ഇടതുപക്ഷ മുന്നണിയുടെ ഭാഗമാണ്. പ്രതിസന്ധി കോൺഗ്രസ്സിലാണ്. ലീഗ് അവിടെ കൂടുതല്‍ സീറ്റ് ചോദിച്ചു കൊണ്ടിരിക്കുകയാണ്. യുഡിഎഫിന്റെ പ്രധാന മുന്നണി പ്രശ്‌നമാണിതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി. 

content highlights: A Vijayaraghavan On Muslim League Welfare party relation