തിരുവനന്തപുരം: എന്‍.സി.പി നേതാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോപണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാതെ പ്രതികരിക്കാനോ നിലപാട് വ്യക്തമാക്കാനോ കഴിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. വിഷയത്തില്‍ എന്‍സിപിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ മാത്രമാണ് തങ്ങളുടെ മുന്നിലുള്ളതെന്നും അതിനെ മാത്രം ആശ്രയിച്ച് നിലപാട് വ്യക്തമാക്കാന്‍ കഴിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, എന്‍.സി.പി പൂര്‍ണ പിന്തുണയാണ് മന്ത്രിക്ക് നല്‍കുന്നത്. രണ്ട് നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ഉദ്ദേശ്യം മാത്രമാണ് മന്ത്രിക്കുണ്ടായിരുന്നതെന്നും നിയമവിരുദ്ധമായി ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നുമാണ് എന്‍സിപി നേതൃത്വം പറയുന്നത്. സിപിഎം നിലപാടിന് ശേഷം മറ്റ് കാര്യം ആലോചിക്കാമെന്നായിരുന്നു എന്‍സിപി തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയനും ശശീന്ദ്രനെ പിന്തുണയ്ക്കുന്നതായാണ് റിപ്പോർട്ട്. ഇരയെ അപമാനിക്കുന്ന ഒരു ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രിയെന്ന സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് സിപിഎം വിലയിരുത്തല്‍. മന്ത്രി എന്ന തരത്തില്‍ ഇടപെടല്‍ നടത്തുമ്പോള്‍ ഏത് തരം കേസാണെന്ന് മനസ്സിലാക്കുന്നതിലുള്ള ജാഗ്രതക്കുറവിനപ്പുറം ഒരു പ്രശ്‌നവും ഇക്കാര്യത്തിലില്ലെന്ന നിലപാടിലാണ് സിപിഎമ്മും എത്തിയിട്ടുള്ളത്. 

ഇന്നലെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ച ശശീന്ദ്രന്‍ ഇന്ന് ക്ലിഫ്ഹൗസില്‍ നേരിട്ടെത്തിയും മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. അതേസമയം ശശീന്ദ്രന്റെ രാജി ആവശ്യം നിയമസഭയിലും ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. ഇക്കാര്യം വി.ഡി സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: A Vijayaraghavan on AK Saseendran issue