തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരേ വിമര്‍ശനവുമായി സിപിഎം. സര്‍ക്കാറിനെ അട്ടിമറിക്കാനുളള ശ്രമങ്ങള്‍ക്ക് സുകുമാരന്‍ നായര്‍ കൂട്ടുനിന്നുവെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശം. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് എന്‍എസ്എസ്സിനെതിരേ വിജയരാഘവന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുഫലം കേരളത്തിലെ രാഷ്ട്രീയ ഘടനയില്‍ സുപ്രധാനമായ മാറ്റത്തിന് വഴിതുറന്നിരിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് വിജയരാഘവന്റെ ലേഖനം ആരംഭിക്കുന്നത്. ഇടത് മന്ത്രിസഭകളുടെ ചരിത്രങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് ലേഖനം പുരോഗമിക്കുന്നത്. ഇക്കാലയളവിലെല്ലാം ഇടത് സര്‍ക്കാരുകള്‍ അഭിമുഖീകരിച്ച വെല്ലുവിളികളെ കുറിച്ചും സ്വീകരിച്ച പ്രതിരോധത്തെ കുറിച്ചുമെല്ലാം ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 

2021 ലെ തിരഞ്ഞെടുപ്പിലും ഇടതിന് തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ അവിശുദ്ധ സഖ്യമുണ്ടായിരുന്നുവെന്നും ലേഖനത്തില്‍ വിജയരാഘവന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാന്‍ സുകുമാരന്‍ നായര്‍ പരസ്യ പ്രസ്താവനകളുമായി രംഗത്തുവന്നുവെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തുന്നു.

'ഇടതുപക്ഷ തുടര്‍ഭരണം ഒഴിവാക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചതുപോലെ കോണ്‍ഗ്രസ്, ലീഗ്, ജമാ അത്തെ ഇസ്ലാമിസഖ്യം വിപുലീകരിച്ച് ബിജെപിയുമായി വോട്ടുകച്ചവടം നടത്തുകയെന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കേരളത്തില്‍ ശ്രമവുമുണ്ടായി. വലിയതോതില്‍ കള്ളപ്പണം കേരളത്തിലേക്ക് കുഴല്‍പ്പണമായി ഒഴുകി. ജനവിധി അട്ടിമറിക്കാനാണ് ഇതിലൂടെ കേന്ദ്രാധികാരത്തിലുള്ള ബിജെപി ശ്രമിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്നപോലെ ശബരിമല സ്ത്രീപ്രവേശന വിഷയം വീണ്ടും ഉന്നയിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനും ശ്രമം നടന്നു. 

തെരഞ്ഞെടുപ്പിന് കേരളത്തില്‍ എത്തിയ നരേന്ദ്ര മോഡി, അമിത് ഷാ ദ്വയം പ്രചാരണയോഗങ്ങളില്‍ 'ശരണം' വിളിച്ചതും രാഷ്ട്രീയ ലാഭത്തിനായിരുന്നു. റോഡ്‌ഷോയുമായി വന്ന രാഹുല്‍പ്രിയങ്ക സഹോദരങ്ങള്‍ മുഖ്യശത്രുവായി പിണറായി വിജയനെയാണ് അടയാളപ്പെടുത്തിയത്. ഇതും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ഈ അട്ടിമറിശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യപ്രസ്താവനകളുമായി രംഗത്തുവന്നത്.' - വിജയരാഘവന്‍ എഴുതുന്നു. 

ഇടതിനെതിരേയുളള ഈ രാഷ്ട്രീയഗൂഢാലോചനയെ ജനപിന്തുണയോടെ തോല്‍പ്പിച്ചതാണ് എല്‍ഡിഎഫിന്റെ ഏറ്റവും വലിയ നേട്ടമെന്നും വിജയരാഘവന്‍ ലേഖനത്തില്‍ അവകാശപ്പെടുന്നുണ്ട്. വര്‍ഗീയ ധ്രുവീകരണത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് ഈ വിജയം ഊര്‍ജം പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.