തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മിക്ക മണ്ഡലങ്ങളിലും ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ബിജെപിക്ക് ഇത്തവണ ഒറ്റ സീറ്റ് പോലും കിട്ടില്ലെന്നും വിജയരാഘവന്‍ പ്രതികരിച്ചു. 

എന്‍എസ്എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രതികരണത്തിനേതിരെയും എ വിജയരാഘവന്‍ വിമര്‍ശനമുന്നയിച്ചു. 

സമുദായ നേതാവിന്റെ നിലപാടല്ല സമുദായ അംഗങ്ങള്‍ക്ക് ഉള്ളത്. അക്കാര്യം തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തെളിയും. നേരത്തെ തിരഞ്ഞെടുപ്പുകളില്‍ സുകുമാരന്‍ നായര്‍ക്ക് ഇത് വ്യക്തമായതാണ്. സുകുമാരന്‍ നായര്‍ ഒരു രാഷ്ട്രീയ സന്ദേശം കൊടുക്കാനാണ് ശ്രമിച്ചത്. എല്‍ഡിഎഫിനെ തോല്‍പ്പിക്കുക എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ സന്ദേശം. പക്ഷെ അദ്ദേഹത്തിന്റെ നിലപാടിന്റെ കൂടെ സമുദായം നില്‍ക്കില്ല എന്നത് ഈ തിരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തുമെന്നും എ വിജയരാഘവന്‍ പറഞ്ഞു. 

ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് തന്റെ വിശ്വാസമെന്നാണ് കഴിഞ്ഞ ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞത്. സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി ഉണ്ട്. അതിപ്പോഴും ഉണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.