പമ്പ: സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സാവകാശം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു. പമ്പയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സുപ്രീം കോടതിയുടെ വിധി ദേവസ്വം ബോര്‍ഡിന് നടപ്പിലാക്കാതിരിക്കാനാവില്ല. വിഷയത്തില്‍ ദേവസ്വംബോര്‍ഡിന് പറയാനുള്ള കാര്യങ്ങള്‍ സുപ്രീം കോടതിയെ അറിയിക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് ചില ചെറിയ പ്രശ്‌നങ്ങളുണ്ട്. നിയമപരമായ കാര്യങ്ങളില്‍ക്കൂടി വ്യക്തത വരുത്തണം. അതിനുള്ള ശ്രമത്തിലാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ശബരിമലയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ജൂണ്‍ മാസം മുതല്‍ ഒരുക്കങ്ങള്‍ ആരംഭിച്ചതാണ്. എന്നാല്‍പ്രളയം വന്നതോടെയാണ് കാര്യങ്ങള്‍ താളംതെറ്റിയത്. ശബരിമലയില്‍ ടാറ്റ കമ്പനി സൗജന്യമായി നിര്‍മാണ പ്രവൃത്തികള്‍ നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.

Content Highlights: A Padmakumar, pettition on Sabarimala women entry verdict, Sabarimala, Pamba