പത്തനംതിട്ട: യുവതി പ്രവേശനം, മരട് ഫ്‌ളാറ്റ് വിധികളിലെ വ്യത്യസ്ത നിലപാടില്‍ സര്‍ക്കാരിനെതിരെ ഒളിയമ്പുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. യുവതി പ്രവേശനത്തിലൂടെ മാത്രം നവോത്ഥാനം പൂര്‍ത്തിയാകില്ല. ശബരിമല പോലെ മരടിലേതും സുപ്രീം കോടതി വിധിയാണെന്ന് എ പത്മകുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ശബരിമല യുവതി പ്രവേശന വിധി തിടുക്കത്തില്‍ നടപ്പിലാക്കിയ സര്‍ക്കാര്‍ മരട് ഫ്‌ളാറ്റ് പൊളിക്കലിനോട് മുഖം തിരിക്കുകയായിരുന്നു. ശബരിമല, മരട് വിധികളോട് രണ്ട് സമീപനം സ്വീകരിച്ചതിലുള്ള നീരസം എ പത്മകുമാര്‍ മറച്ചു വെക്കുന്നില്ല. 

മരടില്‍ പത്തോ അമ്പതോ ഉടമകളേ ഉള്ളു. എന്നാല്‍ ശബരിമലയില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഉണ്ട്. സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പിലാക്കണം എന്ന അടിസ്ഥാനത്തിലാണ് അന്ന് പറഞ്ഞിട്ടുള്ള കാര്യം.

ശബരിമല യുവതി പ്രവേശനം കൊണ്ട് മാത്രം നവോത്ഥാനം പൂര്‍ണമാകും എന്ന അഭിപ്രായം തനിക്കില്ല. നവോത്ഥാനം എന്നത് പിന്നോക്ക വിഭാഗത്തിന്റെ ഉന്നതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരേണ്ട പ്രശ്‌നമാണ്. ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ കയറിയതിലൂടെ വിധി നടപ്പിലായെന്നോ യുവതികള്‍ പ്രവേശിച്ചെന്നോ കാണേണ്ട. വെല്ലുവിളിച്ച് കയറുന്നതും അല്ലാത്തതും തമ്മില്‍ വ്യത്യാസമുണ്ട്. 

തന്റെ വീട്ടില്‍ നിന്ന് ആരും ശബരിമലയില്‍ പോകില്ലെന്ന നിലപാട് പത്മകുമാര്‍ ആവര്‍ത്തിച്ചു. തന്നെ ഈ സ്ഥാനത്തിരിത്തിയ മുഖ്യമന്ത്രിക്ക് ഈ കുടുംബ പശ്ചാത്തലം അറിയാമെന്നും പത്മകുമാര്‍ പറഞ്ഞു.

content highlights: A Padmakumar, sabarimala women entry