കണ്ണൂര്‍:  ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി. തന്റെ നിലപാട് അന്നും ഇന്നും ഒന്നാണ്. താന്‍ അവസരവാദിയല്ലെന്നും അദ്ദേഹം പറയുന്നു. കെ.പി.സി.സി പ്രസിഡന്റിന് അയച്ച വിശദീകരണത്തിലാണ് അബ്ദുള്ളക്കുട്ടി നിലപാട് ആവര്‍ത്തിച്ചത്. മുല്ലപ്പള്ളിക്ക് നല്‍കിയ വിശദീകരണം അദ്ദേഹം ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്തു. 

പിണറായിയുടെ ശക്തി കേന്ദ്രത്തില്‍ കെ.സി ജോസഫും കെ. സുധാകരനും ഉള്ളയിടത്ത് സ്ഥാനമാനം കണ്ടിട്ട് കോണ്‍ഗ്രസ്സില്‍ ഞാന്‍ വന്നു എന്നവാദം നല്ല രാഷ്ടീയ തമാശ മാത്രമാണ്. ഞാന്‍ കോണ്‍ഗ്രസ്സില്‍ ചേരുന്ന കാലത്ത് കണ്ണൂരിന്റെ ഭാഗമായ 3 എംപി, 8 എംഎല്‍എയും എല്‍ഡിഎഫ് ആയിരുന്നു എന്നും ഓര്‍ക്കുന്നത് നന്നായിരിക്കും. വികസനം, വിശ്വാസം, ഹര്‍ത്താല്‍, അക്രമരാഷ്ട്രീയം. ഈ വിഷയങ്ങളില്‍ ഞാനെടുത്ത നിലപാടുകളാണ് രാഷ്ട്രീയ മാറ്റത്തിന്റെ മര്‍മ്മം.

ഒരു അധികാര മോഹവുമല്ലായിരുന്നു. ആരുടെയും കാല് പിടിച്ചിട്ടല്ല, ഗൂപ്പ്കാരുടെ പെട്ടി തൂക്കിയിട്ടല്ല കണ്ണൂരും തലശ്ശേരിയിലും മത്സരിക്കാന്‍ അവസരം കിട്ടിയത്. അത് ഒരോ കോണ്‍ഗ്രസ്സുകാര്‍ക്കും അറിയാമെന്നും അദ്ദേഹം പറയുന്നു. താന്‍ എഴുതിയ പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞാണ് വിശദീകരണം അദ്ദേഹം അവസാനിപ്പിക്കുന്നത്. 

കണ്ണൂര്‍ ഉപതെരഞ്ഞെടുപ് സമയത്ത് അഡ്വ. ആസഫലിയും കെ. സുധാകരനും ഗുജറാത്ത് വികസന മാതൃക തിരുത്തി പറയാന്‍ പലകുറി നിര്‍ബന്ധിച്ചിരുന്നു ഞാന്‍ അതിന് തയ്യാറായിട്ടില്ല എന്ന് മാത്രമല്ല ആ നിലപാട് പുതിയ തലമുറക്ക് ഇഷ്ടമാണ് എന്ന് ' പറഞ്ഞയാളാണ് ഞാന്‍. ആ തിരഞ്ഞെടുപ്പിലെ വന്‍ ഭൂരിപക്ഷം അതാണ് സൂചിപ്പിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

Content Highlights:  A P Abdullakkutty