ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ എന്‍എസ്എസിന്റെ പുനഃപരിശോധന ഹര്‍ജിയിലെ വാദങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. അയ്യപ്പനെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് 14 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയായ സിന്ധു ടി.പിയാണ് ഹര്‍ജി നല്‍കിയത്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്ത് 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ മാറ്റി നിര്‍ത്തണമെന്ന വാദം സ്ത്രീവിരുദ്ധമെന്നു കാട്ടിയാണ് ഹര്‍ജി

10 വയസുള്ള കുട്ടിയെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഭേദിക്കാന്‍ സാധ്യതയുള്ള ആളായി ചിത്രീകരിക്കുന്നത് അയ്യപ്പനെ അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും തുല്യമാണ്. 

താന്‍ അയ്യപ്പ ഭക്തയാണെന്നും ഈ വാദം അംഗീകരിക്കാന്‍ ആകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ അപമാനിക്കുന്ന വാദമാണ് എന്‍.എസ്.എസിന്റേത്. ഹിന്ദു മതത്തില്‍ ഇങ്ങനെയൊരു കാഴ്ചപ്പാടില്ല.

പെണ്‍കുട്ടികളെ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കുന്നത് നേടിയെടുത്ത സാമൂഹ്യ നിയമങ്ങള്‍ക്ക് എതിരും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും എതിരാണ്. 

ദൈവത്തില്‍ ലൈംഗിക ആസക്തി ജനിപ്പിക്കാന്‍ താന്‍ കാരണമാകുമെന്ന ബോധം ഇതിലൂടെ കുട്ടികളുടെ മനസില്‍ ഉണ്ടാകുമെന്നും ഹര്‍ജിയിൽ പറയുന്നു.