തിരുവനന്തപുരം: ജനങ്ങളുടെ ആശങ്കകള്‍ കണക്കിലെടുത്ത് മുല്ലപ്പെരിയാറില്‍ പുതിയൊരു ഡാം വേണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജലനിരപ്പില്‍ മാറ്റംവരുത്തേണ്ട കാര്യമില്ലെന്ന മേല്‍നോട്ട സമിതിയുടെ നിലപാടിനെ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി താഴ്ത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ സ്പില്‍വേയിലൂടെ വെള്ളം വന്നാലും അത് താങ്ങാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനുണ്ട്.  പ്രതീക്ഷിച്ചതിലേറെ ജലനിരപ്പ് മുല്ലപ്പെരിയാറില്‍ ഇപ്പോ ഉയര്‍ന്നിട്ടുണ്ട്. ഒരു ദിവസം തന്നെ നാലും അഞ്ചും അടി ഉയര്‍ന്നു. മേല്‍നോട്ട സമിതിക്ക് മുമ്പാകെ കേരളം ഇത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഡാമിനേക്കുറിച്ച് ഒരാശങ്കയും ജനങ്ങള്‍ക്ക് വേണ്ടെന്നും എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജലനിരപ്പില്‍ മാറ്റംവരുത്തേണ്ട കാര്യമില്ലെന്ന മേല്‍നോട്ട സമിതിയുടെ നിലപാടിനെ അംഗീകരിക്കാനാകില്ല. ജനങ്ങളുടെ ആശങ്കയകറ്റാനാണ് പുതിയ ഡാം എന്ന ആവശ്യം. പുതിയ ഡാം വന്നാലും തമിഴ്‌നാടിന് ആവശ്യമായ വെള്ളം നല്‍കുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 31 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പില്‍ നിന്ന് വിവരം ലഭിച്ചതായി റവവന്യൂ മന്ത്രി കെ. രാജനും അറിയിച്ചു.