തൃശൂര്‍: കേരളത്തില്‍ വാദിയെ പ്രതിയാക്കുന്ന പരിപാടിയാണ് നടക്കുന്നതെന്ന് ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണന്. കൊടകര കുഴല്‍പ്പണ കേസില്‍ പോലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്നും ഇതിനെതിരേ സംസ്ഥാനവ്യാപകമായി ഈ മാസം പത്താം തീയതി മുതല്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊടകര കേസിന്റെ അന്വേഷണ സംഘത്തിലെ ഡി വൈ എസ് പി സോജന് വെറുക്കപ്പെട്ട വ്യക്തിയാണ്, എ സി പി വി. കെ.രാജു ഇടത് സഹയാത്രികനാണ്. ഇവരെയൊക്കെ നിയോഗിച്ച് ഞങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ്. കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കേരളം എന്നൊരു ചെറിയ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഇന്ത്യഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. പിണറായി വിജയന് അടക്കമുള്ള ആളുകള്‍ തിരഞ്ഞെടുപ്പില്‍ ചെലവാക്കിയ പണത്തിന്റെ കണക്കുകള്‍ കൊണ്ടുവരട്ടേയെന്നും അദ്ദേഹം പറഞ്ഞു.
ധര്മരാജന് പരാതി കൊടുത്തു. ആ കൊടുത്ത പരാതിയില്‍ ബന്ധപ്പെട്ട എത്ര പ്രതികളുണ്ട്, ആരൊക്കെയാണ് പ്രതികള്‍, അവരുടെ രാഷ്ട്രീയ ബന്ധമെന്താണ് എന്നീ കാര്യങ്ങളൊന്നും പുറത്ത് വിടുന്നില്ല. ഇവരുടെ ഫോണ്‍ സന്ദേശങ്ങള്‍ പുറത്ത് വിടുകയോ ഇവരുടെ രാഷ്ട്രീയബന്ധം പുറത്തുകൊണ്ട് വരുകയോ ചെയ്യുന്നില്ല. പരാതിക്കാരനുമായി ബന്ധപ്പെട്ട് പ്രതികളുമായി ബന്ധപ്പെട്ടിട്ടുള്ള മാര്ട്ടിന് കൊടുങ്ങല്ലൂര്‍ എ ഐ വൈ എഫ് നേതാവാണ്. മുന്‍മന്ത്രി സുനില്‍കുമാറിന്റെ അനുയായി ആണ്. മാര്‍ട്ടിനുമായി ബന്ധപ്പെട്ട് രേഖകള്‍ പരിശോധിച്ചാല്‍ സുനില്‍കുമാറിനെ വിളിപ്പിക്കേണ്ടി വരും. ഇത് വാദിയെ പ്രതിയാക്കുന്ന പരിപാടിയാണ്.
ഞങ്ങള്‍ എല്ലാ പണവും കൃത്യമായി രേഖയുള്ളവരാണ്. കൊടകരയിലേത് കുഴല്‍പ്പണമാണെങ്കില്‍ എന്തുകൊണ്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അന്വേഷണം ഏല്‍പ്പിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയെ പൊതുസമൂഹത്തിന് മുന്നില്‍ തോജോവധം ചെയ്യാനുള്ള ശ്രമമാണ് കേരളത്തില്‍ വ്യാപകമായി നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാര്‍ വക്താവ് ബി. ഗോപാലകൃഷ്ണന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
Content Highlights: A N Radhakrishnan against state government on Kodakara black money robbery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..