അഡ്വ.കെ.അയ്യപ്പൻപിള്ള; കേരള ചരിത്രത്തിന്റെ സാക്ഷി


അഡ്വ.കെ.അയ്യപ്പൻപിള്ള

മലയിൻകീഴ് ​ഗോപാലകൃഷ്ണൻ

രാജഭരണത്തെയും ജനാധിപത്യഭരണത്തെയും കൂട്ടിയോജിപ്പിക്കുന്ന അവസാനത്തെ കണ്ണിയായിരുന്നു അഡ്വ. കെ. അയ്യപ്പൻപിള്ള. ‘തിരുവനന്തപുരത്തിന്റെ കാരണവർ’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലത്തിലെ എത്രയോ ചരിത്രസംഭവങ്ങൾക്ക് സാക്ഷിയായി.

മുണ്ടനാട് തറവാട്ടിൽനിന്ന് ഇറങ്ങിവന്ന്, ഗാന്ധിജിയുടെ ഉപദേശപ്രകാരം സർക്കാർജോലിക്കുപോകാതെ സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തിൽ അടിയുറച്ചുനിന്നു. 1914-ൽ ജനിച്ച അദ്ദേഹത്തിന്റെ, പിതാവ് എ. കുമാരപിള്ള ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കീഴിൽ ഉയർന്ന ഉദ്യോഗസ്ഥനും പിന്നീട് ഗവ. സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ ചാർജുവരെ വഹിച്ച ആളുമായിരുന്നു.

1934-ൽ ഗാന്ധിജി പിന്നാക്കവിഭാഗക്കാർക്ക് ഫണ്ട് പിരിക്കാൻ തിരുവനന്തപുരത്തെത്തിയപ്പോൾ അദ്ദേഹത്തെ സ്റ്റേജിലേക്ക് പിടിച്ചുകയറ്റാനും സംസാരിക്കാനും അവസരം കിട്ടിയതാണ് അയ്യപ്പൻ പിള്ളയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. അതോടെയാണ് സർക്കാർജോലിക്കുപോകില്ലെന്ന് അദ്ദേഹം തീരുമാനമെടുത്തത്.

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രധാന നേതാക്കളിലൊരാൾ, മലബാറിലെയും കൊച്ചിയിലെയും രാഷ്ട്രീയരംഗത്തെ തിരുവിതാംകൂറുമായി ബന്ധപ്പെടുത്തിയിരുന്ന പ്രധാന കണ്ണി, ചങ്ങന്പുഴ കൃഷ്ണപിള്ള പഠിക്കുന്ന കാലത്ത് അതേ കോളേജിലെ വിദ്യാർഥി, തിരുവനന്തപുരം കോർപ്പറേഷനിലെ 1941-ലെ കൗൺസിലർ, ജയിലിലടയ്ക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ നിയമപരമായി സഹായിച്ച അഭിഭാഷകൻ, സ്വാതന്ത്ര്യത്തിനുശേഷം ഉന്നതപദവികളുടെ പിറകേപോകാതെ സാമൂഹികരംഗത്ത് ഗാന്ധിയൻ ചിന്താഗതിയുമായി ജീവിച്ച വ്യക്തി, തന്റെ വക്കീൽ ജീവിതത്തിൽ ധനം സമ്പാദിക്കുന്നതിലുപരി പാവങ്ങളെ സഹായിക്കാനും കുടുംബപ്രശ്നങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കാനും ശ്രമിച്ച അഭിഭാഷകൻ, കേരള സർവീസ് ബാങ്ക്, കേരളപത്രിക പത്രം എന്നിവ സ്ഥാപിക്കാൻ മുൻകൈയെടുത്ത വ്യക്തി എന്നീ നിലകളിലെല്ലാം അയ്യപ്പൻപിള്ളയെ വിലയിരുത്താം.

ഗാന്ധിയൻ ചിന്താഗതിയുടെയും ജീവിതശൈലിയുടെയും ആൾരൂപമായിരുന്നു. 100 വയസ്സ് കഴിഞ്ഞിട്ടും ഖദർമുണ്ടും മുഴുക്കൈ ഷർട്ടും ധരിച്ച് വലിയ ശീലക്കുട ഊന്നി നഗരത്തിലൂടെ നടന്നും ഓട്ടോയിലും സഞ്ചരിച്ചിരുന്ന അയ്യപ്പൻപിള്ള സർവാദരണീയനായിരുന്നു.

1948-ൽനടന്ന തിരഞ്ഞെടുപ്പ് ഉൾപ്പെടെ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നശേഷം ഇന്നോളമുള്ള എല്ലാ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും വോട്ടുചെയ്യാൻ ഭാഗ്യം കിട്ടിയ ആളായിരുന്നു അഡ്വ. അയ്യപ്പൻ പിള്ള. വളരെക്കാലം ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു. അവസാനകാലത്ത് ഭാരതീയ ജനതാപാർട്ടിയുമായി ബന്ധംപുലർത്തി.

സ്വതന്ത്ര തിരുവിതാംകൂർ വാദമുയർത്തിയ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർക്കെതിരേ 1947 ജൂലായ് 25-ന് വധശ്രമമുണ്ടായി. ഇതിനോടനുബന്ധിച്ച് പട്ടം താണുപിള്ള അടക്കമുള്ള നേതാക്കൾ അറസ്റ്റിലായി. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരാൻ തീരുമാനിച്ചെങ്കിലും ഭാവിനടപടികളെപ്പറ്റി ആലോചിക്കാൻ നേതാക്കൾ ജയിലിലായിരുന്നതിനാൽ രാജകീയഭരണത്തിന് ആദ്യം കഴിഞ്ഞില്ല. ഈ കുറവ് നികത്തിയത് അയ്യപ്പൻപിള്ളയായിരുന്നു.

അദ്ദേഹത്തിന്റെ ബന്ധുകൂടിയായ തിരുവിതാംകൂർ പട്ടാളമേധാവി ജി.ഒ.സി.പരമേശ്വരൻപിള്ള വഴി മഹാരാജാവ്, ജയിലിൽക്കിടക്കുന്ന നേതാക്കളുമായി ഭാവിനടപടികളെപ്പറ്റി സംസാരിക്കാൻ അയ്യപ്പൻപിള്ളയെ ചുമതലപ്പെടുത്തി. പൂജപ്പുര ജയിലിലെത്തി അയ്യപ്പൻപിള്ള നേതാക്കളുമായി സംസാരിച്ച് വിവരം രാജാവിനെ അറിയിച്ചു. അതിനുശേഷമാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനം മഹാരാജാവ് കൈക്കൊണ്ടത്.

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കരണവും തുടർന്നുണ്ടായ എല്ലാ സുപ്രധാന ചരിത്രസംഭവങ്ങളിലും അയ്യപ്പൻ പിള്ള സാക്ഷിയായിരുന്നു. ഇങ്ങനെ ഒരു വ്യക്തി ഇനിയില്ല.

ഓർമയായത് തലസ്ഥാനത്തിന്റെ വന്ദ്യവയോധികൻ

ടി.രാമാനന്ദകുമാർ

അഡ്വ. കെ.അയ്യപ്പൻപിള്ളയുടെ ദേഹവിയോഗത്തോടെ തലസ്ഥാനത്തിന് നഷ്ടമായത് ദേശീയതയുടെ ആൾരൂപമായി ജീവിച്ച വന്ദ്യവയോധികനെയാണ്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് നഗരത്തിലെ പൗരപ്രമുഖനായ വേദാദ്രിദാസ മുതലിയാരെ വന്ദ്യവയോധികനായി കണ്ടിരുന്നു. അതിനുശേഷം നഗരചരിത്രത്തിൽ 'വന്ദ്യവയോധികൻ' എന്ന് വിശേഷിപ്പിക്കപ്പെട്ട അപൂർവം ചിലരിൽ ഒരാളായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തിന്റെ ഇന്നലെകളെ തേടുന്നവർക്ക് 'ചലിക്കുന്ന വിജ്ഞാനകോശ'മായിരുന്നു അയ്യപ്പൻപിള്ള. ആ സ്ഥാനം ഒഴിച്ചിട്ടാണ് അദ്ദേഹം യാത്രയായത്.

aiyyappan pillai family
സ്വാതന്ത്ര്യസമര സേനാനി കെ.അയ്യപ്പൻ പിള്ളയുടെ നൂറാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് കുടുംബാംഗങ്ങളോടൊപ്പം എടുത്ത ഫോട്ടോ

ദീർഘായുസ്സുകൊണ്ട് രാജഭരണത്തേയും ജനാധിപത്യത്തേയും കോർത്തിണക്കിയ ചരിത്രത്തിന്റെ കണ്ണിയായിരുന്നു അദ്ദേഹം. ചട്ടമ്പിസ്വാമിയെ നേരിൽക്കണ്ട അവസാനത്തെ വ്യക്തി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ജീവിച്ചിരുന്ന അവസാന നേതാവ്.

1941-ൽ തിരുവനന്തപുരം കോർപ്പറേഷന്റെ കൗൺസിലറായിരുന്നതിനാൽ, പിൽക്കാലത്ത് 'ഇന്ത്യയിൽ ജീവിച്ചിരുപ്പുള്ള ഏറ്റവും പ്രായംചെന്ന കോർപ്പറേഷൻ കൗൺസിലർമാരിൽ ഒരാൾ. രണ്ടാംലോക മഹായുദ്ധത്തിന് സാക്ഷിയായ വ്യക്തി. ഉത്തരവാദസമരകാലത്ത് അറസ്റ്റിലായവരെ ജയിലിനു പുറത്തുകൊണ്ടുവരാൻ ശ്രമിച്ച നിയമജ്ഞൻ. ഒടുങ്ങാത്ത വിശേഷണങ്ങൾക്ക് അപ്പുറത്തായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ 'തച്ചുടയകൈമൾ' പാരമ്പര്യത്തിലെ അവസാനത്തെ കൈമളായിരുന്ന ഭാസ്കരക്കുറുപ്പിന്റെ അനന്തരവനാണ് അയ്യപ്പൻപിള്ള. കായംകുളത്തെ കുറുപ്പന്മാരുടെ പ്രശസ്തമായ നാല് തറവാടുകളിലൊന്നായ 'മുണ്ടനാട്' കുടുംബത്തിന് തിരുവനന്തപുരത്ത് വലിയശാലയിൽ ശാഖയുണ്ടാവുന്നത് 1729-നു ശേഷമാണ്. വലിയശാലയിൽ ഇന്നും നിലനിൽക്കുന്ന മുണ്ടനാട് എന്ന മാതൃവീട്ടിലാണ് അയ്യപ്പൻപിള്ള ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മ മരിച്ചപ്പോഴാണ് ചട്ടമ്പിസ്വാമി വീട്ടിലെത്തിയതും കാണാനായതും.

1934-ൽ മലബാറിൽനിന്ന് ഹരിജനയാത്രയുമായി ഗാന്ധിജി തിരുവനന്തപുരത്ത് വന്നപ്പോൾ അദ്ദേഹത്തെ വേദിയിലേക്കു കൈപിടിച്ചു കയറ്റിയത് അയ്യപ്പൻപിള്ളയും കൈനിക്കര ഗോവിന്ദപ്പിള്ളയുമായിരുന്നു. പിന്നീട് ഗാന്ധിദർശനം ജീവിതമന്ത്രമാക്കിയായിരുന്നു അദ്ദേഹം കഴിഞ്ഞത്.

അക്കാലത്തെ ഹരിജനക്ഷേമ പദ്ധതിയുടെ ഭാരവാഹികളായ അഡ്വ. കെ.ജി.കുഞ്ഞുകൃഷ്ണപിള്ള, മാത്തുപണിക്കർ എന്നിവർക്കൊപ്പം വെള്ളനാട്ട് തയ്യാറാക്കുന്ന ഹരിജൻ ഗ്രാമം കാണാനുള്ള യാത്രയിലും അയ്യപ്പൻപിള്ളയുണ്ടായിരുന്നു.

എന്നാൽ, ഗാന്ധിജിക്ക് കാഴ്ചയിൽത്തന്നെ ആ പദ്ധതിയിൽ വിശ്വാസമില്ലാതായെന്ന് പിൽക്കാലത്ത് അദ്ദേഹം ഓർത്തിരുന്നു. സ്റ്റേറ്റ് കോൺഗ്രസിന്റെ മുതിർന്ന നേതാവെന്നനിലയിൽ കന്യാകുമാരി ജില്ലാ വിഭജനത്തെ എതിർക്കാൻ പട്ടം താണുപിള്ളയ്ക്കൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.

തലസ്ഥാനത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കണമെന്ന സമരത്തിൽ മുമ്പിലുണ്ടായിരുന്ന അയ്യപ്പൻപിള്ള അഡ്വ. എം.എൻ.പരമേശ്വരൻപിള്ള, പി.എസ്.നടരാജപിള്ള എന്നിവർക്കൊപ്പം ഒരാഴ്ച ജയിലിൽ കഴിഞ്ഞിരുന്നു.

ബി.ജെ.പി.യിൽ ചേർന്നെങ്കിലും ഗാന്ധിയൻ ആദർശങ്ങളിൽനിന്ന് വ്യതിചലിക്കാത്തതായിരുന്നു ആ ജീവിതം. തൂവെള്ള ഖദർവസ്ത്രമണിഞ്ഞ്, നീണ്ടു മെലിഞ്ഞ ശരീരവും ശാന്തസുന്ദരമായ ചിരിയും നീണ്ടകാലുള്ള ശീലക്കുടയുമായി വഴുതയ്ക്കാട്ടും വെള്ളയമ്പലം വഴിയും നടന്നുപോയ കെ. അയ്യപ്പൻപിള്ളയുടെ മങ്ങാത്ത ചിത്രം നഗരമനസ്സിലുണ്ട്.

നടന്ന് ദീർഘായുസ്സിലേക്ക്...

രാജേഷ് കെ.കൃഷ്ണൻ

സ്വാതന്ത്ര്യസമര സേനാനിയും ശ്രീമൂലം പ്രജാസഭയിലെ അംഗവുമായിരുന്ന കെ.അയ്യപ്പൻ പിള്ളയുടെ ദീർഘായുസ്സിന് കാരണം യോഗയും നടത്തവും. രാവിലെ നാലുമണിക്ക് മുന്നെ എഴുന്നേൽക്കും. ചെറുപ്പകാലം മുതൽ ശീലമാക്കിയ യോഗ ചെയ്യും. കുളിക്കുശേഷം തൈക്കാട്ടെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള അമ്പലത്തിൽ തൊഴാനായി പോകും. തിരികെയും നടത്തം. നഗരത്തിനടുത്ത സ്ഥലങ്ങളിൽ ആണെങ്കിൽ നടന്നു തന്നെ പോകുന്നതായിരുന്നു അയ്യപ്പൻപിള്ളയുടെ ഇഷ്ടം. കൂടെ സുഹൃത്തുക്കളുമുണ്ടാകും. 107 വയസ്സ് വരെയുള്ള ജീവിതത്തിനിടെ എത്രദൂരം നടന്നിട്ടുണ്ടെന്ന് ചോദിച്ചിരുന്നെങ്കിൽ അച്ഛൻ ഈ ഭൂമിയോളം എന്നേ മറുപടി പറയൂവെന്ന് ഓർത്തെടുക്കുന്നു മകനായ അനൂപ് കുമാർ. കൃത്യനിഷ്ഠയുള്ള ദിനചര്യകളും വെജിറ്റേറിയൻ ഭക്ഷണവുമാണ് പിതാവിന് ദീർഘായുസ്സ് സമ്മാനിച്ചതെന്നും കൊച്ചിയിൽ ഫിനാൻഷ്യൽ കൺസൾട്ടന്റായ അനൂപ് കുമാർ പറയുന്നു.

ഭക്ഷണം ചൂടോടെ മാത്രം

അപ്പോഴപ്പോൾ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുകയായിരുന്നു മറ്റൊരു ശീലം. ഒരു നേരം ഉണ്ടാക്കിയ ഭക്ഷണം പിന്നീട് ചൂടാക്കിപ്പോലും കഴിക്കില്ലായിരുന്നുവെന്നും മകൻ അനൂപ് കുമാർ പറഞ്ഞു. വിവിധ കാര്യങ്ങൾക്കായി പുറത്തേക്ക് പോയാലും വീട്ടിലെത്തിയ ശേഷം കഴിക്കുകയായിരുന്നു മിക്കപ്പോഴും പതിവെന്നും അദ്ദേഹം പറഞ്ഞു. മുത്തച്ഛൻ ശനിയാഴ്ച വൃതവും എടുക്കാറുണ്ടായിരുന്നെന്ന് ചെറുമകളും മുംബൈയിൽ സോഫ്റ്റ്‌വേർ കമ്പനി എം.ഡി.യുമായ ദേവീന പറഞ്ഞു.

വിദേശയാത്രകൾ പോകുന്നതും ഇഷ്ടമായിരുന്നു. യൂറോപ്പ്, സിംഗപ്പുർ, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം സന്ദർശനം നടത്തിയിട്ടുണ്ട്. കൊച്ചുകുട്ടികളുടെ ഒപ്പം സമയം ചെലവഴിക്കാനും മുത്തച്ഛന് വലിയ ഇഷ്ടമായിരുന്നു. ബെംഗളൂരുവിലെ വീട്ടിൽ ദീപാവലി സമയം എത്തിയിരുന്നുവെന്നും ദേവീന ഓർത്തെടുത്തു. വലിയ ആഘോഷങ്ങളും അന്നുണ്ടായിരുന്നു. തെറ്റുകാണിച്ചാൽ ഞങ്ങളോടൊക്കെ ദേഷ്യപ്പെടുമായിരുന്നു.

എന്നാൽ പുറത്തുള്ള ഒരാളോടും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ലേയില്ല. കൃത്യനിഷ്ഠയും അടുക്കും ചിട്ടയുമുള്ള ജീവിതമായിരുന്നു മുത്തച്ഛന്റെ ദീർഘായുസ്സിന് പിന്നിലെന്നും ദേവീനയും പറയുന്നു.

ദിനപത്രങ്ങൾ വായിച്ച് ദിനാരംഭം

മാതൃഭൂമി ഉൾപ്പെടെയുള്ള മലയാളം പത്രങ്ങളും ഇംഗ്ലീഷ് പത്രങ്ങളും വായിച്ച് സമകാലീന വിഷയങ്ങൾ മനസ്സിലാക്കും. ഈ വിവരങ്ങൾ അദ്ദേഹത്തെ വിവിധ വിഷയങ്ങളിൽ അവഗാഹമുണ്ടാക്കാനും സഹായിച്ചു. ചെറുപ്പകാലം മുതൽ റേഡിയോയും ശ്രവിക്കുമായിരുന്നു. ടെന്നീസ് കളിക്കാനും സമയം കണ്ടെത്തുമായിരുന്നു. 11 മണിയാകുമ്പോഴേ കിടക്കുകയുള്ളൂ. അതിനുമുൻപായി ഡയറിയെഴുതും. ഓരോ ദിവസത്തെയും സമഗ്രമായ വിവരങ്ങൾ ഡയറിയിൽ എഴുതിവെയ്ക്കും. രാത്രി ഉറങ്ങുംമുൻപായി രാമായണം വായിക്കണമെന്നതും നിർബന്ധമായിരുന്നു. കോവിഡ് കാലം മുൻപുവരെ എല്ലാ ദിവസവും രാവിലെ വീടിനടുത്തുള്ള തൈക്കാട് ശാസ്താ ക്ഷേത്രത്തിൽ നടന്നുപോകും. കോവിഡ് ആയപ്പോൾ കാറിലായി യാത്ര. അമ്പലത്തിലെ സന്ദർശനം മുടക്കാറില്ലായിരുന്നുവെന്ന് ഓർമിച്ചത് അയ്യപ്പൻപിള്ളയുടെ വീടിന് പിറകിലായി താമസിക്കുന്ന മൃദംഗം ആർട്ടിസ്റ്റ് കൂടിയായ തൈക്കാട് ജയദേവനായിരുന്നു. എപ്പോഴും ചിരിയോടെയായിരുന്നു എല്ലാവരെയും സമീപിച്ചിരുന്നതെന്നും ജയദേവൻ ഓർമിച്ചു.

കെ.അയ്യപ്പൻപിള്ളയുടെ മരണത്തിൽ രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രമുഖർ അനുശോചിച്ചു.

കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള കാരണവരെയാണ് നഷ്ടമായതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം ബി.ജെ.പി.ക്കും പൊതു സമൂഹത്തിനും തീരാനഷ്ടമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തുകയും വാത്സല്യം കാണിക്കുകയും ചെയ്തിട്ടുണ്ടെന്നും മുരളീധരൻ അനുസ്മരിച്ചു.

അയ്യപ്പൻപിള്ളയുടെ മരണത്തിൽ മന്ത്രി ആന്റണി രാജു അനുശോചിച്ചു. തലസ്ഥാനത്തെ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന അയ്യപ്പൻപിള്ളയുടെ നിര്യാണം സാംസ്‌കാരിക കേരളത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ലോക് ഡൗൺ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ച്‌ സംസാരിച്ചിരുന്ന അയ്യപ്പൻപിള്ള രാജ്യത്തെ തന്നെ ബി.ജെ.പി.യുടെ ഏറ്റവും മുതിർന്ന നേതാവായിരുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

ബി.ജെ.പി. മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി.മുകുന്ദൻ, ഹിന്ദുധർമ പരിഷത്ത് അധ്യക്ഷൻ എം.ഗോപാൽ എന്നിവരും അനുശോചനമറിയിച്ചു.

ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മിറ്റിക്കു വേണ്ടി പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി, ജില്ലാ പ്രസിഡന്റ് എൻ.എം.നായർ, ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന കമ്മിറ്റിക്കു വേണ്ടി ജനറൽ സെക്രട്ടറി സി.ആർ.അരുൺ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

Content Highlights: a man who witnessed the history of kerala adv k aiyappan pillai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented