മലപ്പുറം: പരീക്ഷയിൽ തോറ്റവരെ ഒരിക്കലും അവഗണിക്കരുതെന്നാണ് മാനസികാരോഗ്യ വിദഗ്ധരടക്കം പറയാറുള്ളത്. പലപ്പോഴും പരീക്ഷാഫലം പുറത്തുവരുമ്പോൾ ജയിച്ചവർക്ക് മാത്രമേ ഏവരും വില കൽപ്പിക്കാറുള്ളൂ. തോറ്റവരാകട്ടെ എല്ലാ വേദികളിൽനിന്നും മാറ്റിനിർത്തപ്പെടുകയും ചെയ്യും. എന്നാൽ തോറ്റവരെ ഒരിക്കലും അങ്ങനെ മാറ്റിനിർത്തരുതെന്നത് വ്യത്യസ്തമായ രീതിയിൽ തെളിയിച്ചിരിക്കുകയാണ് മലപ്പുറം അരീക്കോട് കാവനൂരിലെ ഒരു കാറ്ററിങ് സ്ഥാപനം.

മരുപ്പച്ച എന്നാണ് ഈ കാറ്ററിങ് സ്ഥാപനത്തിന്റെ പേര്. ഉടമ സക്കീർ ഹുസൈൻ. ലോക്ക്ഡൗൺ കാലത്തെ പ്രതിസന്ധികൾ മറികടക്കാനായാണ് കാറ്ററിങ് സ്ഥാപനമായ മരുപ്പച്ച ദിവസേനയുള്ള ഭക്ഷണവിൽപ്പന തുടങ്ങിയത്. അറേബ്യൻ വിഭവങ്ങളായ അൽഫാമും മന്തിയുമെല്ലാമാണ് വിൽപ്പനയ്ക്കുള്ളത്. ദിവസവും വ്യത്യസ്തമായ ഓഫറുകളിലൂടെ ഉപഭോക്താക്കളെ ആകർഷിക്കുന്ന മരുപ്പച്ച പ്ലസ്ടു പരീക്ഷാഫലം പുറത്തുവന്നതിന്റെ പിറ്റേദിവസവും(ജൂലായ് 16 വ്യാഴാഴ്ച) ഏറെ വ്യത്യസ്തമായ ഒരു ഓഫറിലൂടെ ആളുകളെ ഞെട്ടിച്ചു. ഒടുവിൽ സാമൂഹികമാധ്യമങ്ങളിലടക്കം ഈ ഓഫറിന് കൈയടിയും കിട്ടി. ആ ഓഫർ ഇങ്ങനെ:-

'പ്ലസ്ടു പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർക്ക് 80 രൂപയ്ക്ക് മന്തി റൈസും അൽഫാമും, പ്ലസ്ടു പരീക്ഷ വിജയിച്ച എല്ലാവർക്കും 49 രൂപയ്ക്ക് ചിക്കൻ ബിരിയാണി, പ്ലസ്ടു പരീക്ഷയിൽ എല്ലാവിഷയത്തിലും തോറ്റവർക്ക് ഫുൾ അൽഫാം സൗജന്യം'

ഇതിൽ അവസാനത്തെ ആ ഓഫർ തന്നെയാണ് ഹൈലൈറ്റ്. അതേക്കുറിച്ച് ഉടമ സക്കീർ ഹുസൈൻ തന്നെ മാതൃഭൂമി ഡോട്ട് കോമിനോട് പറയുന്നു:-

'ലോക്ക്ഡൗണിന് ശേഷം തുറന്നതോടെ എല്ലാ ദിവസവും ഓരോ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. പ്ലസ്ടു പരീക്ഷാഫലം പുറത്തുവന്ന ദിവസവും അങ്ങനെയൊരു ഓഫർ പ്രഖ്യാപിക്കുകയായിരുന്നു. പത്താം ക്ലാസുകാരനായ മകൻ മുഹമ്മദ് അസ്മിലാണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവെച്ചത്. അങ്ങനെ പ്ലസ്ടു പരീക്ഷ പാസായവർക്കും എ പ്ലസ് നേടിയവർക്കും ഡിസ്കൗണ്ടിൽ മന്തിയും ചിക്കൻ ബിരിയാണിയും നൽകാൻ തീരുമാനിച്ചു. പക്ഷേ, തോറ്റ കുട്ടികളെ ഒഴിവാക്കരുതെന്ന് തീരുമാനിച്ചിരുന്നു. അവർക്ക് പ്രത്യേക പരിഗണന നൽകണമെന്നതിനാലാണ് അൽഫാം സൗജന്യമായി പ്രഖ്യാപിച്ചത്. വിദ്യാർഥികൾ പരീക്ഷാഫലത്തിന്റെ പ്രിന്റ്ഔട്ടും തെളിവായി മറ്റ് രേഖകളും കാണിക്കണമെന്നും പ്രത്യേകം ആവശ്യപ്പെട്ടിരുന്നു'

പ്ലസ്ടു പരീക്ഷയിൽ തോറ്റ 25 കുട്ടികൾക്ക് അന്നേ ദിവസം ഫുൾ അൽഫാം സൗജന്യമായി നൽകിയെന്നും സക്കീർ ഹുസൈൻ പറഞ്ഞു. 'കുട്ടികൾ ഫോട്ടോ എടുക്കാനെല്ലാം സമ്മതിച്ചിരുന്നു. എന്നാൽ അത് വേണ്ടെന്ന് വെച്ചത് ഞാൻ തന്നെയാണ്, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ നൂറിലേറെ കുട്ടികളും വന്നു. പ്ലസ്ടു പരീക്ഷയിൽ വിജയിച്ചവർക്കുള്ള 49 രൂപയുടെ ചിക്കൻ ബിരിയാണി 250-ലേറെ കുട്ടികൾ വാങ്ങനെത്തി. ആകെ ഒരു അഞ്ഞൂറ് പേരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പല വാട്സാപ്പ് ഗ്രൂപ്പുകളിലും ഓഫറിന്റെ പോസ്റ്റർ പ്രചരിച്ചു. അതുകൊണ്ട് കൂടുതൽ പേർ ഇക്കാര്യമറിഞ്ഞു'- അദ്ദേഹം കൂട്ടിച്ചേർത്തു. വ്യത്യസ്തമായ ഓഫർ നൽകിയതിന് പിന്നാലെ അഭിനന്ദിച്ചും വിമർശിച്ചും നിരവധിപേരാണ് വിളിച്ചത്.

കഴിഞ്ഞ 15 വർഷമായി കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മരുപ്പച്ച. എന്നാൽ കോവിഡും ലോക്ക്ഡൗണും കാരണം പ്രതിസന്ധിയിലായി. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെസ്റ്റോറന്റ് മാതൃകയിൽ വിൽപ്പനയിലേക്ക് തിരിഞ്ഞത്. പാചകക്കാർക്കും ജോലിക്കാർക്കും ശമ്പളം കൊടുക്കേണ്ടതിനാലും മുന്നോട്ടുപോകേണ്ടതിനാലുമാണ് വ്യത്യസ്തമായ ഓഫറുകൾ നൽകി പിടിച്ചുനിൽക്കുന്നതെന്നും ഇപ്പോൾ മോശമല്ലാത്ത രീതിയിൽ കച്ചവടം നടക്കുന്നുണ്ടെന്നും സക്കീർഹുസൈൻ പറഞ്ഞു.

Content Highlights:a malappuram restaurant offers free arabian food alfahm for failed students in plustwo exam