തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന വേണമെന്ന ബസ് ഉടമകളുടെ ആവശ്യം യുക്തിസഹമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. എന്നാല്‍ ജനങ്ങള്‍ക്ക് ഇരട്ടിചാര്‍ജ് ഏര്‍പ്പെടുത്തണമോ എന്നത് സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. വേണ്ടി വരുമെന്നുതന്നെയാണ് കരുതുന്നത്. കേന്ദ്ര നിര്‍ദേശപ്രകാരമായിരിക്കും സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുകയെന്നും ഗതാഗതമന്ത്രി പറഞ്ഞു. 

കര്‍ക്കശമായ നിയന്ത്രണങ്ങള്‍ പാലിച്ച് സര്‍വീസ് നടത്തുമ്പോള്‍ 50 ശതമാനം യാത്രക്കാരാണ് ബസില്‍ ഉണ്ടാവുക. ആ നിലയ്ക്ക് സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്കോ, സ്വകാര്യ ബസ് ഉടമകള്‍ക്കോ സാധ്യമല്ല. ഈ വിഷയം അവര്‍ പൊതുഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച ആലോചനകള്‍ നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അവര്‍ മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശം യുക്തിസഹമാണ്.  ഭരണകൂടത്തിന് അവരോട്‌ എങ്ങനെയാണ് ന്യായമായി പ്രതികരിക്കേണ്ടി വരുന്നതെന്ന് ആലോചിക്കേണ്ടി വരും. അതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്രാനിരക്കുകളില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന് പരസ്യമായി സൂചിപ്പിച്ചത്. 

എന്നാല്‍ കേന്ദ്രനിര്‍ദേശപ്രകാരം മാത്രമേ സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കാനാവുകയുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നിയന്ത്രണങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസൃതമായിട്ടായിരിക്കും പൊതുഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കുക. സര്‍ക്കാര്‍ ഓഫീസുകളില്‍ നിശ്ചിതശതമാനം ജീവനക്കാര്‍ ഹാജരായിരിക്കണമെന്ന നിര്‍ദേശം വന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ യാത്രാ സൗകര്യം ഇല്ലാത്തതുകൊണ്ട് ഹാജരാകാന്‍ സാധിക്കുന്നില്ലെന്ന പ്രയാസം ചൂണ്ടിക്കാണിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി പരിമിതമായ കേന്ദ്രങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. ആ സര്‍വീസുകള്‍ക്ക് സെപ്ഷ്യല്‍ ചാര്‍ജാണ് ഈടാക്കുന്നത്. 

കോവിഡ് കാലത്ത് എങ്ങനെ പരിമിതമായ പൊതുഗതാഗതം സാധ്യമാക്കുക എന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനപ്പുറമുള്ള കാര്യങ്ങള്‍ നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല.  പൊതുവായി നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ആലോചനകള്‍ നടന്നിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ സര്‍വീസ് നടത്തുമ്പോള്‍ യാത്രാനിരക്കില്‍ വ്യത്യാസം വരുമെന്നാണ് കരുതുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുമെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

Content Highkights:A.K.Saseendran backs up private bus owners demand for doubling bus charge