തിരുവനന്തപുരം : കെ. സുധാകരന് ചെറുപ്പം മുതലേ പിണറായി വിജയനോട് വെറുപ്പാണെന്ന് മന്ത്രി എ.കെ ബാലന്‍. സുധാകരന്‍ അങ്ങനെ പറയാന്‍ പാടില്ല എന്ന ആര്‍ജ്ജവം കോണ്‍ഗ്രസ്സുകാര്‍ കാട്ടണം. പിണറായി വിജയന്റെ അച്ഛന്‍ ചെത്തു തൊഴിലാളിയായത് തെറ്റാണോ എന്നും മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ സഞ്ചരിക്കാന്‍ പാടില്ല എന്നത് അധമബോധമാണെന്നും ബാലന്‍ പ്രതികരിച്ചു. കേരളത്തിലെ ചെത്ത് തൊഴിലാളി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

"സുധാകരന് ചെറുപ്പം മുതലേ പിണറായി വിജയനോട് വെറുപ്പാണ്. അതെനിക്കറിയാം. ഞാന്‍ അക്കാര്യത്തിലേക്ക് കടക്കാന്‍ പാടില്ല. ബ്രണ്ണന്‍ കോളേജില്‍ നിന്ന് സഖാവ് പിണറായി വിജയന്‍ പിരിയുമ്പോഴാണ് ഞാന്‍ ബ്രണ്ണനില്‍ ചേരുന്നത്. അവിടെ എന്റെ സീനിയറായി പഠിച്ചയാളാണ് സുധാകരന്‍. പലപ്പോഴും സമരവുമായി ബന്ധപ്പെട്ടെല്ലാം പിണറായി ബ്രണ്ണന്‍ കോളേജില്‍ വരാറുണ്ടായിരുന്നു. ആ ഒരോര്‍മ്മ അദ്ദേഹത്തിനുള്ളിടത്തോളം കാലം ലേശം ബുദ്ധിമുട്ട് പിണറായി വിജയനോട് അദ്ദേഹത്തിനുണ്ട്. പിന്നെ സുധാരനെ കാണുമ്പോള്‍ മുട്ട് വിറക്കുന്ന ചില കോണ്‍ഗ്രസ്സുകാരുണ്ട്. അപ്പോ പിന്നെ അദ്ദേഹത്തിന്റെ കൂടെ ഹലേലൂയ പാടിയിട്ട് പോകും", എ. ബാലൻ പറഞ്ഞു. 

തൊഴിലാളി വര്‍ഗ്ഗത്തിലാണ് ജനിച്ചതെന്നതിന് ഞങ്ങള്‍ക്ക് യാതൊരു അഭിമാനക്ഷതവുമില്ല. അഭിമാനമേയുള്ളൂ. കേരളത്തിലെ ചെത്തുതൊഴിലാളി എന്ന് പറഞ്ഞാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമാണെന്നും എ.കെ ബാലന്‍ പ്രതികരിച്ചു.

content highlights: A K Balan responds to K Sudhakaran's casteist remarks