കുളത്തുപ്പുഴ: കളിക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റ് ജനല്‍പ്പാളി തലയില്‍വീണ് നാലരവയസ്സുകാരന്‍ മരിച്ചു. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഷാന്‍മന്‍സിലില്‍ മുഹമ്മദ് ഷാന്‍-ജസ്ന ദമ്പതികളുടെ മകന്‍ അയാന്‍ (നാലര) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇവരുടെ വീടിനു മുന്നിലായിരുന്നു അപകടം. മുഹമ്മദ് ഷാനും കുടുംബവും കെട്ടിടനിര്‍മാണത്തിനുള്ള കട്ടിളയും ജനലുകളും മറ്റും കോണ്‍ക്രീറ്റില്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്ന സ്ഥാപനം വീടിനോടു ചേര്‍ന്നുതന്നെ നടത്തിവരുന്നുണ്ട്.

സമീപത്തായി ചാരിവെച്ചിരുന്ന ജനല്‍പ്പാളിയില്‍ പിടിച്ചുകളിക്കുന്നതിനിടെ ഭാരമേറിയ ജനല്‍ അയാന്റെ മുകളിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അയാനെ ഉടന്‍ അതുവഴി വന്ന ബി.എസ്.എന്‍.എല്‍. വാഹനത്തില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുളത്തൂപ്പുഴ സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിയാണ്. സഹോദരന്‍: അബിന്‍ഷാ.

Content Highlight: A four-year-old boy died concreate fell to his head while playing