സ്വപ്ന സുരേഷ്
തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. അതേ സമയം കെ.ടി.ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്നും അവര്‍ വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.
'പി.ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധമാണുള്ളത്. ഒരു വിദേശകാര്യാലയത്തില്‍ ഒരു ഇന്ത്യന്‍ സ്ത്രീ ജോലി ചെയ്യുമ്പോള്‍ അത് ഡിപ്ലോമാറ്റ് ആണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ പറ്റാത്തയാളാണോ സ്പീക്കര്‍ സ്ഥാനാത്തിരുന്നതെന്ന് സ്വപ്ന ചോദിച്ചു. സ്വപ്ന ഡിപ്ലോമാറ്റ് ആണെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ശ്രീരാമകൃഷ്ണന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍.
പി.ശ്രീരാമകൃഷ്ണന് എന്റെ വീട്ടില്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വീട്ടില്‍ നിന്ന് ആഹാരം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഉറപ്പായിട്ടും അറിയാം ഞാന്‍ ഡിപ്ലോമാറ്റ് അല്ല എന്നത്. എനിക്കറിയില്ല എന്തിനാണ് കള്ളം പറയുന്നതെന്ന്. ഇപ്പോള്‍ ഞാന്‍ സംസാരിക്കുന്നത് ശിവശങ്കറിനെ കുറിച്ച് മാത്രമാണ്. മറ്റുള്ളവരൊന്നും അത്ര അടുത്തവരല്ല. ഞാന്‍ ആരേയും എന്റെ ഒരു ആവശ്യത്തിന് വേണ്ടി മന്ത്രിയേയോ എംഎല്‍എയെയോ ഒരു അധികാരികളേയും വിളിച്ചിട്ടില്ല' സ്വപ്ന പറഞ്ഞു.
Read..'എനിക്ക് എല്ലാം ശിവശങ്കറായിരുന്നു, എല്ലാം അദ്ദേഹത്തിനറിയാം, ശബ്ദസന്ദേശം തിരക്കഥയുടെ ഭാഗം'-സ്വപ്ന ......
ബെംഗളൂരുവിലേക്ക് കടന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് സ്വപ്നയുടെ മറുപടി ഇതായിരുന്നു, സരിത്തിനെയാണ് കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്തത്. ജൂലായ് അഞ്ചിനായിരുന്നു അത്. അന്ന് ഉച്ചയ്ക്ക് ശേഷം ഒരാളുമായും ഞാന്‍ ബന്ധപ്പെട്ടിട്ടില്ല. അവസാനമായി ഞാന്‍ സംസാരിച്ചത് ശിവശങ്കറുമായിട്ടാണ്. സരിത്തിനെ അറസ്റ്റ് ചെയ്തതിന് ശേഷം അവന്റെ വീട്ടിലേക്ക് ഞാന്‍ പോയിരുന്നു. അവന്റെ വീട്ടിലെ സ്ഥിതിഗതികള്‍ മോശമായിരുന്നു. മാതാപിതാക്കള്‍ സുഖമില്ലാത്തവരാണ്. ഈ സമയം കസ്റ്റംസ് എന്നോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ കസ്റ്റംസിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറെടുത്തതായിരുന്നു. അപ്പോഴാണ് ശിവശങ്കര്‍ വിളിച്ച് പോകരുതെന്ന് ആവശ്യപ്പെട്ടത്.
ആദ്യം മുന്‍കൂര്‍ ജാമ്യം എടുക്കണം. അവര്‍ സമന്‍സ് അയക്കാതെ പോകേണ്ടകാര്യമില്ലെന്നും അദ്ദേഹം ഉപദേശിച്ചു. ഇതോടെയാണ് കൊച്ചിയിലേക്ക് പോയത്. പോകുന്ന വഴിക്ക് എന്റെ ഫോണ്‍ എല്ലാം സന്ദീപ് എടുത്തു. പിന്നീട് സന്ദീപും ശിവശങ്കറും എന്റെ ഭര്‍ത്താവായിരുന്ന ജയശങ്കറും നല്കുന്ന നിര്‍ദേശമനുസരിച്ചാണ് ഞാന്‍ ബെംഗളൂരുവരെ എത്തിയത്. മുന്‍കൂര്‍ ജാമ്യത്തിനായി കൊച്ചിയിലെ ഒരു വക്കീലിന്റെ വീട്ടിലെത്തി അര്‍ദ്ധരാത്രി വക്കാലത്ത് ഒപ്പിട്ടുകൊടുത്തു. പിന്നീടുള്ള ഒരു കാര്യങ്ങളും എനിക്കറിയില്ലായിരുന്നു. എന്റെ മാനസികാവസ്ഥ വളരെ മോശമായിരുന്നു.
ശിവശങ്കറിന്റെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായിട്ടാണ് എന്‍ഐഎയെ കൊണ്ടുവരുന്നത്. തീവ്രവാദ ബന്ധത്തില്‍ കുടുക്കി കുറച്ച് നാള് സ്വപ്ന മിണ്ടില്ലെന്ന് ശിവശങ്കര്‍ കരുതി.
എന്റെ എല്ലാ ദിവസവും പത്ത് ഗുളികകളിലാണ് തുടങ്ങുന്നതും പത്ത് ഗുളികകളിലാണ് അവസാനിക്കുന്നതും. ജയിലില്‍ വെച്ച് എനിക്ക് ഹൃദയസ്തംഭനമുണ്ടായി. ശിവശങ്കര്‍ ബലിയാടായി എന്ന് എങ്ങനെയാണ് പറയുക. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അധികാരം തിരിച്ചുകിട്ടി. സസ്പെന്ഷനിലായപ്പോള് കുറച്ച് വിശ്രമം കിട്ടി. അപ്പോള്‍ അദ്ദേഹം ഒരു പുസ്തകം എഴുതി. തുറന്നുപറയാന്‍ ആഗ്രഹിക്കുന്ന വ്യക്തി എല്ലാം അങ്ങോട്ട് തുറന്നുപറയണം.
വിമാനത്താവളത്തില്‍ ബാഗേജുക വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ ശിവശങ്കര്‍ സഹായം നല്‍കിയിട്ടുണ്ടെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
Content Highlights : Swapna Suresh revealed that she had a close relationship with former Speaker P. Sreeramakrishnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..