ന്യൂഡല്‍ഹി: കേരളത്തിലെ ഉയര്‍ന്നതോതിലുള്ള കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാനസര്‍ക്കാരിനെ സഹായിക്കാന്‍ കേന്ദ്രം അയച്ച ആറംഗ വിദഗ്ധസംഘം തിരുവനന്തപുരത്ത് എത്തി.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ (എന്‍.സി.ഡി.സി.) ഡയറക്ടര്‍ ഡോ. എസ്.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. രോഗവ്യാപനം കൂടുതലുള്ള ജില്ലകള്‍ ഇവര്‍ സന്ദര്‍ശിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യവിദഗ്ധരുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം.

'നിരവധി ആശങ്കകളുണ്ട്, പോസിറ്റിവിറ്റി നിരക്കിന്റെ വര്‍ദ്ധന അതില്‍ ഒന്നാണ്. എല്ലായിടത്തും കേസുകള്‍ കുറയുകയും കേരളത്തില്‍ വ്യാപനം തുടരുകയും ചെയ്യുന്നു. ഇതിനെ കുറിച്ച് സംസ്ഥാനവുമായി ചര്‍ച്ച ചെയ്യാം. ഇതൊരു സമഗ്ര സാഹചര്യമാണ്, കാര്യങ്ങള്‍ എങ്ങനെ വികസിക്കുന്നുവെന്ന് നമുക്ക് നോക്കാം' ഡോ.എസ്.കെ.സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.

സംസ്ഥാനത്തെ ആറുജില്ലകളില്‍ പ്രതിവാര രോഗസ്ഥിരീകരണനിരക്ക് (ടി.പി.ആര്‍.) 10 ശതമാനത്തിന് മുകളിലുണ്ട്. സംസ്ഥാനത്തെ ശരാശരി പ്രതിവാര ടി.പി.ആര്‍. 12 ശതമാനത്തോളമാണ്. കേരളത്തിലെ കോവിഡ് വ്യാപനം ആശങ്കയുളവാക്കുന്നതാണെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. കര്‍ശനനിയന്ത്രണങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ട്. അതിനു തുടര്‍ച്ചയായിട്ടാണ് വീണ്ടും വിദഗ്ധസംഘത്തെ നിയോഗിക്കുന്നത്.