ആലുവ: അബദ്ധത്തില്‍ നാണയം വിഴുങ്ങി ആലുവ കടങ്ങല്ലൂരില്‍ മൂന്നുവയസുകാരന്‍ മരിച്ചു. രാജു- നന്ദിനി ദമ്പതികളുടെ പൃഥ്വിരാജ് എന്ന കുട്ടിയാണ് മരിച്ചത്. 

സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടു. ആശുപത്രിയിലെത്തിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ല നാണയം തനിയെ പൊയ്‌ക്കൊള്ളുമെന്നാണ് അറിയിച്ചതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. 

ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. നാണയം വിഴുങ്ങിയെന്ന് മനസിലാക്കിയ വീട്ടുകാര്‍ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെ പീഡിയാട്രീഷന്‍ ഇല്ലായെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു. എന്നാല്‍ ഇവിടെയും ചികിത്സ ലഭ്യമായില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ഇവിടെയും പീഡിയാട്രീഷന്‍ ഇല്ലാതിരുന്നതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. 

അതിനിടെ കുട്ടിക്ക് പഴവും വെള്ളവും കൊടുത്താല്‍ നാണയം ഇറങ്ങിപ്പൊയ്‌ക്കൊള്ളുമെന്നും പിന്നീട് വയറിളക്കിയാല്‍ അത് പുറത്തുപോകുമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചുവെന്ന് വീട്ടുകാര്‍ പറയുന്നു. 

ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് ഇവര്‍ വിളിച്ചുചോദിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് പറയുന്നു.

ഇതനുസരിച്ച് വീട്ടുകാര്‍ മടങ്ങിപ്പോവുകയും ശനിയാഴ്ച രാത്രിയോടെ കുട്ടിയുടെ നില വഷളാവുകയും ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെയോടുകൂടി മരണപ്പെടുകയായിരുന്നു.

മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. കൃത്യമായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് കുട്ടി മരിച്ചതെന്നാണ് ഇവര്‍ പറയുന്നത്.

Content Highlights: A 3-year-old boy died due to swallowing coin in Aluva