തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന് വ്യാഴാഴ്ച്ച വൈകിട്ട് നാല് മണി വരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 954 കേസുകള്‍. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഇന്നുമുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഇന്നലെ പോലീസ് ഉത്തരവിറങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം ലഘിച്ചവര്‍ക്കെതിരെ കേസെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സംസ്ഥാനത്ത് നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയും കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവില്‍വട്ടം പഞ്ചായത്തുകളും കോട്ടയത്തെ ഉദയനാപുരം പഞ്ചായത്തുമാണ് പുതിയതായി ഹോട്ട്സ്‌പോട്ട് പട്ടികയിലുള്ളത്. മൊത്തം എഴുപത് പ്രദേശങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഹോട്ട്സ്‌പോട്ട് പട്ടികയിലുള്ളത്. 

ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഒരു റോഡ് ഒഴിവാക്കി ബാക്കി എല്ലാ റോഡുകളും അടയ്ക്കുമെന്നും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരേയും അവരുടെ അയല്‍വാസികളേയും നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെട്ട് ക്ഷേമാന്വേഷണങ്ങള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ടെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ലോക്ക്ഡൗണ്‍ ആരംഭിച്ച ശേഷം ഇതുവരെ 3,49504  വീടുകളില്‍ പോലീസ് സേന സന്ദര്‍ശനം നടത്തുകയോ ഫോണ്‍ മുഖേന വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടുണ്ടെന്നും ഇതിനുപുറമേ ആരോഗ്യപ്രവര്‍ത്തകരുടെ ബന്ധപ്പെടലും നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

കണ്ണൂര്‍ ജില്ലയില്‍ സ്‌പെഷ്യല്‍ ട്രാക്കിങ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ഇരുപത് വീടുകളുടേയും ചുമതല രണ്ട് പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ടീമിനാണ് നല്‍കിയിരിക്കുന്നത്. ശാസ്ത്രീയ വിവരശേഖരണ രീതി ഉപയോഗിച്ച് ആളുകളുടെ സമ്പര്‍ക്കം കണ്ടെത്തുന്നുണ്ട്. 

ലോക്ക് ഡൗണിന് മുമ്പ് വിദേശത്തുനിന്നും മടങ്ങിയെത്തിയ ആളുകളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടുണ്ട്. അവരെ പരിശോധനയ്ക്ക് വിധേയരാക്കേണ്ടതുണ്ടെങ്കില്‍ അതിന് വേണ്ട നടപടിയെടുക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.  

കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച ദൃശ്യ-മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ ഭാഗമായി  ജില്ലയില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന കളക്ടര്‍ സജിത് ബാബു, ഐ.ജി.മാരായ അശോക് യാദവ്, വിജയ് സാക്കറെ എന്നിവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

കേരളത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗമുക്തി | Read More..

അതിഥി തൊഴിലാളികളുടെ യാത്ര: ബസ്സ് മാര്‍ഗം പ്രായോഗികമല്ല; ട്രെയിന്‍ ആവശ്യം ഉന്നയിച്ചു- മുഖ്യമന്ത്രി | Read More..

കോവിഡ് രോഗിയുടെ വിവരം ചോര്‍ന്നതായി വ്യാജ പ്രചരണം; കാസര്‍കോട്ട് ഒരാള്‍ക്കെതിരേ കേസെടുത്തു | Read More..

കേരളത്തിനു പുറത്തുള്ളവര്‍ ബന്ധുക്കളെ കാണാനായി ഈ സന്ദര്‍ഭം ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി | Read More..

സംസ്ഥാനത്ത് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്നും രോഗബാധ ഉണ്ടാവുന്നു- മുഖ്യമന്ത്രി | Read More..

വൈദ്യുതി ബോര്‍ഡിന്റെ ക്യാഷ് കൗണ്ടറുകള്‍ മെയ് നാലു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും | Read More..

4 പുതിയ ഹോട്ട്സ്പോട്ടുകള്‍, മാസ്‌ക് ധരിക്കാത്തതിന് 954 കേസ്  | Read More..

content highlight: 954 cases registered in kerala for not wearing masks to prevent covid 19