പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നപ്പോൾ കോഴഞ്ചേരിയിൽ നിന്നുള്ള ദൃശ്യം. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്നു സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 2291 പേരെ ഇവിടങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടു ക്യാമ്പുകളിലായി 30 പേരെയും പത്തനംതിട്ടയില്‍ 25 ക്യാമ്പുകളിലായി 391 പേരെയും ആലപ്പുഴയില്‍ അഞ്ചു ക്യാമ്പുകളിലായി 58 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. 21 ക്യാമ്പുകളിലായി 447 പേരെ ഇവിടെ മാറ്റിപ്പാര്‍പ്പിച്ചു.
ഇടുക്കിയില്‍ ഏഴു ക്യാമ്പുകളിലായി 118 പേരും എറണാകുളത്ത് 11 ക്യാമ്പുകളിലായി 467 പേരും കഴിയുന്നു. തൃശൂരിലാണ് ഏറ്റവും കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചത്. 657 പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. 15 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതിനായി തുറന്നത്. പാലക്കാട് ഒരു ക്യാമ്പില്‍ 25 പേരും മലപ്പുറത്ത് രണ്ടു ക്യാമ്പുകളിലായി എട്ടു പേരും വയനാട് മൂന്നു ക്യാമ്പുകളിലായി 38 പേരും കണ്ണൂരില്‍ മൂന്നു ക്യാമ്പുകളിലായി 52 പേരും കഴിയുന്നുണ്ട്.
മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മഴ മുന്നറിയിപ്പുകളോ ആശങ്കാജനകമായ മറ്റ് സന്ദേശങ്ങളോ കണ്ടാല്‍ വിശ്വാസയോഗ്യമായ കേന്ദ്രത്തിന്റെ സഹായത്തോടെ ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളലക്ഷദ്വീപ് തീരങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ ഓഗസ്റ്റ് നാലുവരെയും കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ ഓഗസ്റ്റ് ആറു വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യയുള്ളതിനാല് ഈ ദിവസങ്ങളില്‍ കേരളലക്ഷദ്വീപ് തീരങ്ങളിലും കര്‍ണാടക തീരത്തും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്
കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട് തീരം, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തെക്ക് കിഴക്കന്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍, ആന്ധ്രാ പ്രദേശ് തീരം, മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഓഗസ്റ്റ് 05, 06 മധ്യ കിഴക്കന്‍ അറബിക്കടല്‍, ആന്ധ്രാ പ്രദേശ് തീരം, മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഓഗസ്റ്റ് 03, 06 കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലും മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് അറിയിപ്പില്‍ പറയുന്നു.
ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യത
കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ബുധനാഴ്ച രാത്രി 11.30 വരെ മൂന്നു മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിനു മുന്‍നിര്‍ത്തി മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം, മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ടു സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നതു കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
ശബരിമല നിറപുത്തരിക്ക് തടസ്സമുണ്ടാകില്ല
ശബരിമല നിറപുത്തരി ഉത്സവം, ആറന്മുള വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് തടസം വരാതെ കാലാവസ്ഥ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.
വെള്ളപ്പൊക്ക സാധ്യതയുള്ള ജില്ലകളില്‍ എന്‍ ഡി ആര് എഫി ന്റെ സേവനം ലഭ്യമാക്കുന്നതിനും പത്തനംതിട്ട ജില്ലയില്‍ ശബരിമലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എന്‍ ഡി ആര് എഫിന്റെ അധിക ടീമിനെ സജ്ജമാക്കുന്നതിനും റവന്യുമന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..