പ്രായം വെറുമാരു സംഖ്യ മാത്രമാണ്. ആഗ്രഹങ്ങള്‍ക്ക് പ്രായം ഒരിക്കലും ഒരു തടസമാകരുത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യ പാതയായ കര്‍ദുംഗ്‌ലയിലേക്ക് എണ്‍പതാം വയസില്‍ സൈക്കിള്‍ ചവിട്ടിയെത്തി തൃശൂര്‍ സ്വദേശിയായ എംപി ജോസ് തെളിയിക്കുന്ന കാര്യമാണിത്. യാത്രയുടെ അവസാനഘട്ടത്തില്‍ ശ്വാസംമുട്ടല്‍ അലട്ടിയപ്പോഴും യാത്ര അവസാനിപ്പിച്ച് മടങ്ങാന്‍ ജോസേട്ടന്‍ തയ്യാറായില്ല. ഓക്‌സിജന്‍ സിലിണ്ടര്‍ സൈക്കിളില്‍ ഘടിപ്പിച്ച് കര്‍ദുംഗ്‌ലയിലേക്കുള്ള സ്വപ്‌ന യാത്ര പൂര്‍ത്തീകരിച്ചു. ഇതോടെ ഇവിടേക്ക് സൈക്കിളിലെത്തുന്ന ഏറ്റവും പ്രായം കൂടിയ മലയാളിയായി ജോസ്. 

സെപ്റ്റംബര്‍ പതിനൊന്നിന് തന്റെ എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ കര്‍ദുംഗലയിലെത്താനായിരുന്നു ലക്ഷ്യമിട്ടത്. പിറന്നാള്‍ കേക്ക് അവിടെനിന്നും മുറിക്കാമെന്നും ജോസേട്ടന്‍ കണക്കുകൂട്ടി. എന്നാല്‍ പ്രദേശത്തെ കനത്ത മഞ്ഞുവീഴ്ച ആഗ്രഹത്തിന് തടസമായി. പ്രതീക്ഷിച്ച പോലെ പിറന്നാള്‍ ദിനത്തില്‍ അവിടേക്കെത്താന്‍ സാധിച്ചില്ല. സൈന്യത്തിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ച് പ്രതികൂല കാലാവസ്ഥ മാറിയശേഷമാണ് യാത്ര തുടരാനായത്. ഒടുവില്‍ ചൊവ്വാഴ്ച ഉച്ചയോടെ ജോസേട്ടനും സംഘവും കര്‍ദുംഗ്‌ല തൊട്ടു. പിന്നീട് പിറന്നാള്‍ ആഘോഷവും. 

ഏറെ ആഗ്രഹിച്ച യാത്രയ്ക്ക് സാമ്പത്തികം വിലങ്ങുതടിയായതോടെ തൃശൂര്‍ ഓണ്‍ എ സൈക്കിള്‍ കൂട്ടായ്മയും വ്യവസായിയായ പിആര്‍ ഗോകുലുമാണ് ജോസിന് തുണയായത്. യാത്രയുടെ മുഴുവന്‍ ചെലവും ഏറ്റെടുത്ത് ഗോകുല്‍ യാത്രയിലും ജോസേട്ടനൊപ്പം ചേര്‍ന്നു. ഡോക്ടറായ ഗോകുലിന്റെ ഭാര്യ ഡോ ലേഖയും മകള്‍ നീന അന്നപൂര്‍ണയും ഇവര്‍ക്കൊപ്പം ലഡാക്കിലേക്ക് തിരിച്ചു. 

JOSE
ജോസ് യാത്രയ്ക്കിടെ

ജൂലായ് 15ന് തൃശൂരില്‍ നിന്നാണ് ജോസ് യാത്ര ആരംഭിച്ചത്. കര്‍ദുംഗ്‌ലയിലെത്താന്‍ രണ്ട് മാസത്തോളമെടുത്തു. കോവിഡ് കാരണം ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് തൃശൂര്‍ മുതല്‍ ഛണ്ഡിഗഡ് വരെ ട്രെയിനിലായിരുന്നു യാത്ര. നഷ്ടമായ ഇത്രയും ദൂരം സൈക്കിള്‍ ചവിട്ടുക തന്നെ വേണമെന്ന തീരുമാനത്തില്‍ വയനാട്, ഊട്ടി അടക്കമുള്ള പ്രദേശങ്ങളിലേക്ക് ഏകദേശം 3100 കിലോമീറ്ററോളം സൈക്കിളില്‍ യാത്ര ചെയ്ത ശേഷം ഓഗസ്റ്റ് പതിനൊന്നിന് സൈക്കിളുമായി ട്രെയിന്‍ മാര്‍ഗം ഛണ്ഡിഗഢിലെത്തി.

അവിടെനിന്നും ജമ്മുവിലേക്കും മഴയും കനത്ത മഞ്ഞും തണുപ്പും താണ്ടി കാര്‍ഗില്‍, ദ്രാസ് വഴി കര്‍ദുംഗ്‌ല വരെയും സൈക്കിള്‍ ചവിട്ടി. പ്രായം 80 കടന്നതിനാല്‍, യാത്രമധ്യേ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടാല്‍ സഹായമേകാന്‍ ഗോകുലും സംഘവും പിന്നാലെ അനുഗമിച്ചു. 

യാത്ര അന്തിമ ഘട്ടത്തിലേക്കെത്തിയപ്പോള്‍ മാത്രമാണ് ചെറിയ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഉയര്‍ന്ന പ്രദേശമായതിനാല്‍ ലേ കഴിഞ്ഞതോടെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു. കശ്മീരിലെ മലയാളി സൈനിക ഉദ്യോഗസ്ഥന്‍ ഇടപെട്ട് ആവശ്യമായ സഹായങ്ങള്‍ ഒരുക്കി. നാല് കിലോഗ്രാം ഭാരമുള്ള ഓക്‌സിജന്‍ സിലിണ്ടര്‍ സൈക്കിളിന് പിന്നില്‍ ഘടിപ്പിച്ചു. അടിയന്തര വൈദ്യസഹായത്തിനായി ആംബുലന്‍സും സൈന്യം അയച്ചുതന്നു. രണ്ട് മാസത്തോളം നീണ്ട യാത്രയ്‌ക്കൊടുവില്‍ കര്‍ദുംഗ്‌ലയിലെത്താന്‍ സാധിച്ചതില്‍ ജോസേട്ടന്‍ ഏറെ സന്തോഷാവാനാണ്. 

'കര്‍ദുംഗ്‌ല വരെ യാത്ര ചെയ്തതുകൊണ്ട് തനിക്ക് പ്രത്യേകിച്ച് നേട്ടങ്ങളൊന്നുമില്ല. എന്റെ ജീവിതം തീരാറായി, കുട്ടികള്‍ ആരോഗ്യത്തോടെ വളരണം. ചുറ്റുമുള്ള ലോകം കണ്‍നിറയെ കാണണം. മദ്യപാനം, പുകവലി ശീലങ്ങളില്‍ നിന്നെല്ലാം മുക്തരായി അടുത്ത തലമുറ ആരോഗ്യവാന്‍മാരായി ജീവിക്കണമെന്ന സന്ദേശം നല്‍കാന്‍ വേണ്ടി മാത്രമാണ് ഈ പ്രായത്തിലും ലഡാക്കിലേക്ക് സൈക്കിള്‍ ചവിട്ടാന്‍ തീരുമാനിച്ചത്' - ജോസേട്ടന്‍ പറഞ്ഞു. 

JOSE
ജോസ് യാത്രയ്ക്കിടെ

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ലംബര്‍ ആയിരുന്ന ജോസിന് ഏറെക്കാലമായുള്ള ആഗ്രഹമാണ് ലഡാക്ക് യാത്ര. നല്ല പ്രായത്തില്‍ പുകവലി ശീലമാക്കിയ ജോസേട്ടന്‍ പിന്നീട് ആ ശീലം ഉപേക്ഷിച്ചാണ് സൈക്കിള്‍ യാത്രയുടെ ലോകത്തേക്ക് വന്നത്. സൈക്ലിങ്ങിന് ഭാര്യ മേരിയും മൂന്ന് മക്കളും പൂര്‍ണ പിന്തുണയാണ്. മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ ഓട്ടം, നീന്തല്‍ എന്നീ ഇനങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത കായികതാരം കൂടിയാണ് ജോസേട്ടന്‍. പുകവലി ഉപേക്ഷിച്ച് മാറ്റിയെടുത്ത ജീവിതമാണ് എണ്‍പതാം വയസില്‍ തന്നെ ലഡാക്കിലെത്തിച്ചതെന്നും ജോസ് പറയുന്നു. 

JOSE
ജോസിനൊപ്പം ഗോകുലും കുടുംബവും

നിലവില്‍ ലഡാക്കില്‍ തുടരുന്ന ജോസും സംഘവും സെപ്റ്റംബര്‍ 17ന് ഛണ്ഡിഗഢില്‍ നിന്ന് വിമാനമാര്‍ഗം നാട്ടിലേക്ക് തിരിക്കും. 19ന് തൃശൂരില്‍ തിരിച്ചെത്തും. മാലിന്യ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാരുകള്‍ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സൈക്കിളില്‍ കേരള പര്യടനം നടത്താനാണ് ജോസിന്റെ അടുത്ത ലക്ഷ്യം. 

content highlights: 80 year old MP Jose pedals to his dream destination