കളക്ടർ ഹരിത വി. കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നെന്മണിക്കര കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിയപ്പോൾ.
നെന്മണിക്കര(തൃശ്ശൂര്‍): കുടുംബാരോഗ്യകേന്ദ്രത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത 80 കുട്ടികള്‍ക്ക് വാക്‌സിന്‍ മാറിനല്‍കി. ശനിയാഴ്ചയെത്തിയ 12-നും 14-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് കോര്‍ബെവാക്‌സിന് പകരം കോവാക്‌സിന്‍ നല്‍കിയത്. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ വാക്‌സിനെടുത്ത എല്ലാ കുട്ടികള്‍ക്കും മരുന്ന് മാറിനല്‍കുകയായിരുന്നു.
ശനിയാഴ്ചയിലെ വാക്‌സിന്‍ വിതരണത്തിനുശേഷമാണ് മരുന്ന് മാറിയ വിവരം ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ പഞ്ചായത്തിനെയും ജില്ലാ ആരോഗ്യവകുപ്പ് അധികൃതരെയും വിവരമറിയിച്ചു. വൈകീട്ട് നാലോടെ ജില്ലാ കളക്ടര്‍, ഡി.എം.ഒ. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നെന്മണിക്കരയിലെത്തി.
ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. പ്രേംകുമാര്‍, ഡി.പി.എം. ഡോ. രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. ആരോഗ്യവകുപ്പ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഉദ്യോഗസ്ഥരെയെല്ലാം വിളിച്ചുവരുത്തി മൊഴിയെടുത്തു.
ശനിയാഴ്ച വാക്‌സിന്‍ എടുത്ത കുട്ടികള്‍ക്കെല്ലാം മരുന്ന് മാറിയാണ് നല്‍കിയതെന്ന് സംഘം സ്ഥിരീകരിച്ചു. തുടര്‍ന്ന് വാക്‌സിനെടുത്ത 80 പേരെയും ബന്ധപ്പെട്ടു. 48 കുട്ടികള്‍ക്ക് ആദ്യ ഡോസും 32 പേര്‍ക്ക് രണ്ടാം ഡോസും കോവാക്‌സിനാണ് നല്‍കിയതെന്ന് ഔദ്യോഗികസംഘം അറിയിച്ചു.
വാക്‌സിന്‍ മാറിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ പറഞ്ഞു. ആറുവയസ്സിനു മുകളിലുള്ളവര്‍ക്ക് നല്‍കാവുന്ന കോവാക്‌സിന്‍ അപകടകരമല്ലെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു. മുന്‍കരുതലായി പത്ത് ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം നെന്മണിക്കരയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. വാക്‌സിന്‍ എടുത്തവരെ ബന്ധപ്പെട്ടതില്‍ ആര്‍ക്കും നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും കളക്ടര്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളോ അസ്വസ്ഥതകളോ അനുഭവപ്പെടുന്ന പക്ഷം നെന്മണിക്കര കുടുംബാരോഗ്യകേന്ദ്രവുമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..