പ്രതീകാത്മക ചിത്രം | Photo: PTI
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം (ഒന്ന്), കൊല്ലം (ഒന്ന്), ആലപ്പുഴ (രണ്ട്), എറണാകുളം (രണ്ട്), തൃശൂര്‍ (രണ്ട്) എന്നിവിടങ്ങളിലാണ് പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
റഷ്യയില്‍നിന്നു ഡിസംബര്‍ 22-ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ വിദേശി (48), ഡിസംബര്‍ 16-ന് നമീബിയയില്‍നിന്നു എറണാകുളത്തെത്തിയ കൊല്ലം സ്വദേശി (40), ഡിസംബര്‍ 17-ന് ഖത്തറില്‍നിന്നു എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി (28), ഡിസംബര്‍ 11-ന് ഖത്തറില്‍നിന്നു എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശി (40), യു.കെയില്‍നിന്ന് ഡിസംബര്‍ 18-ന് എറണാകുളത്തെത്തിയ പെണ്‍കുട്ടി (മൂന്ന്), യു.എ.ഇയില്‍നിന്നു ഡിസംബര്‍ 18-ന് എത്തിയ എറണാകുളം സ്വദേശി (25), കെനിയയില്‍നിന്നു ഡിസംബര്‍ 13-ന് എറണാകുളത്തെത്തിയ തൃശൂര്‍ സ്വദേശി (48), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള തൃശൂര്‍ സ്വദേശിനി (71) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്നു ഒമിക്രോണ്‍ സ്ഥിരീകരിച്ച മൂന്ന് വയസുകാരി യു.കെയില്‍നിന്നു മാതാപിതാക്കളോടൊപ്പം എത്തിയതാണ്. എയര്‍പോര്‍ട്ടിലെ കോവിഡ് പരിശോധനയില്‍ മാതാപിതാക്കള്‍ നെഗറ്റീവായിരുന്നു. ഹോം ക്വാറന്റീനിലായിരുന്നു ഇവര്‍. കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയച്ച ഇവരുടെ സാമ്പിളുകളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ആകെ 37 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ പോസിറ്റീവായ യു.കെയില്‍നിന്നു വന്ന എറണാകുളം സ്വദേശിയെ (39) ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.
content highlights: 8 more omicron case reported in kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..