കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, പരിയാരം. ഫോട്ടോ: സി. സനിൽ കുമാർ
തിരുവനന്തപുരം: കര്‍ഷകരുടെ ക്ഷേമത്തിനായി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബാര്‍ഡ് ചെയര്‍മാനായി ഡോ. പി. രാജേന്ദ്രനെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 768 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ഉടമസ്ഥനായോ, അനുമതിപത്രക്കാരനായോ ഒറ്റി കൈവശക്കാരനായോ വാക്കാല്‍ പാട്ടക്കാരനായോ സര്‍ക്കാര്‍ ഭൂമി പാട്ടക്കാരനായോ അല്ലെങ്കില്‍ ഭാഗികമായി ഒരു നിലയിലും ഭാഗികമായി മറ്റു വിധത്തിലും 5 സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശം ഉളളതും 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉളളതും 3 വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുളളതുമായ വ്യക്തിയെയാണ് കര്‍ഷകനായി പരിഗണിക്കുക. കൃഷി എന്നാല്‍ ഉദ്യാനകൃഷിയും, ഔഷധ സസ്യകൃഷിയും, നഴ്‌സറി നടത്തിപ്പും, മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, ആട്, മുയല്‍, കന്നുകാലി ഉള്‍പ്പെടെയുളളവയുടെ പ്രധാനമായും പരിപാലനവും കാര്‍ഷിക ആവശ്യത്തിനായോ ഉളള ഭൂമിയുടെ ഉപയോഗവും ഉള്‍പ്പെടും.
ബോര്‍ഡിന്റെ ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് കര്‍ഷകര്‍ നൂറു രൂപ രജിസ്‌ട്രേഷന്‍ ഫീസായി നല്‍കണം. ഒപ്പം പ്രതിമാസ കുറഞ്ഞത് 100 രൂപ അംശദായം അടക്കണം. കര്‍ഷകര്‍ക്ക് ആറു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ അംശദായം ഒരുമിച്ചും അടയ്ക്കാവുന്നതാണ്. ക്ഷേമനിധി അംഗങ്ങള്‍ക്ക് 250 രൂപ വരെയുളള അംശദായത്തിന് തുല്യമായ വിഹിതം സര്‍ക്കാര്‍ നല്‍കും. ക്ഷേമനിധി അംഗങ്ങള്‍ക്ക് വ്യക്തിഗത പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, അനാരോഗ്യ ആനുകൂല്യം, അവശത ആനുകൂല്യം, ചികിത്സാ സഹായം, വിവാഹ-പ്രസവ ധനസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര സഹായം എന്നീ ആനുകൂല്യങ്ങളാണ് നല്‍കുക.
കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് 768 തസ്തികകള്‍
കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 768 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 247 അധ്യാപക തസ്തികകളും 521 നഴ്സിംഗ് തസ്തികകളുമാണ് സൃഷ്ടിച്ചത്. 247 അധ്യാപക തസ്തികയില്‍ 100 എണ്ണം പുതിയ തസ്തികയായാണ് സൃഷ്ടിച്ചത്. 45 പ്രൊഫസര്‍, 44 അസോ. പ്രൊഫസര്‍, 72 അസി. പ്രൊഫസര്‍, 26 ലക്ച്ചറര്‍, 6 ട്യൂട്ടര്‍, 36 സീനിയര്‍ റസിഡന്റ്, 18 ജൂനിയര്‍ റസിഡന്റ് എന്നീ വിഭാഗങ്ങളിലാണ് അധ്യാപക തസ്തിക സൃഷ്ടിച്ചത്. 2 നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 11 ഹെഡ് നഴ്സ്, 232 സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്, 276 സ്റ്റാഫ് നഴസ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്സിംഗ് തസ്തിക സൃഷ്ടിച്ചത്. മെഡിക്കല്‍ കോളേജിലെ പഠനത്തിനും ചികിത്സയ്ക്കും ഇതേറെ സഹായകരമാണെന്നും മന്ത്രി വ്യക്തമാക്കി.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി ഡോ. പി.എം. മുബാറക് പാഷയെ വൈസ് ചാന്‍സലറായി നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയുടെ ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വിഭാഗത്തിന്റെ ഡയറക്ടറായും ഫാറൂക് കോളേജിന്റെ പ്രിന്‍സിപ്പാളായും മുബാറക് പാഷ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പ്രോ-വൈസ് ചാന്‍സലറായി പ്രൊഫ. എസ്.വി. സുധീറിനെയും രജിസ്ട്രാറായി ഡോ. പി.എന്‍. ദിലീപിനെയും നിയമിക്കും.
കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 768 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി. 247 അധ്യാപക തസ്തികകളും 521 നഴ്സിംഗ് തസ്തികകളുമാണ് സൃഷ്ടിച്ചത്. 247 അധ്യാപക തസ്തികയില്‍ 100 എണ്ണം പുതിയ തസ്തികയായാണ് സൃഷ്ടിച്ചത്. 45 പ്രൊഫസര്‍, 44 അസോ. പ്രൊഫസര്‍, 72 അസി. പ്രൊഫസര്‍, 26 ലക്ച്ചറര്‍, 6 ട്യൂട്ടര്‍, 36 സീനിയര്‍ റസിഡന്റ്, 18 ജൂനിയര്‍ റസിഡന്റ് എന്നീ വിഭാഗങ്ങളിലാണ് അധ്യാപക തസ്തിക സൃഷ്ടിച്ചത്. 2 നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 11 ഹെഡ് നഴ്സ്, 232 സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്, 276 സ്റ്റാഫ് നഴസ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്സിംഗ് തസ്തിക സൃഷ്ടിച്ചത്.
ആരോഗ്യ വകുപ്പില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് 72 സൂപ്പര്‍ ന്യൂമററി (പട്ടികജാതി 20, പട്ടികവര്‍ഗ്ഗം 52) തസ്തികകള്‍ സൃഷ്ടിക്കും. പ്രത്യേക നിയമനത്തിനായി മാറ്റിവെച്ച തസ്തികകളിന്‍മേല്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒഴിവുകള്‍ ഇല്ലാത്ത തസ്തികകളില്‍ ധനവകുപ്പിന്റെ അനുമതിയോടെയായിരിക്കും തസ്തികകള്‍ സൃഷ്ടിക്കുക.
കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബോറട്ടറയിലെ കുടിശ്ശിക കേസുകള്‍ തീര്‍പ്പാക്കുന്നതിനായി ടെക്‌നിക്കല്‍ അസിസ്റ്റന്റ് / സീറോളജിക്കല്‍ അസിസ്റ്റന്റ് (അനലിസ്റ്റ്) തസ്തികയില്‍ 30 പേരെ കരാര്‍ അടിസ്ഥാനത്തില്‍ ആറു മാസത്തേക്ക് കൂടി നിയമിക്കാന്‍ അനുമതി നല്‍കി. കോവിഡ് കാരണം മുഴുവന്‍ ദിനങ്ങളും ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിനാലാണിത്.
മറ്റു തീരുമാനങ്ങള്‍
സ്റ്റീല്‍ ഇന്‍ഡസ്ട്രീയല്‍സ് കേരള ലിമിറ്റഡിലെ തൊഴിലാളികള്‍ക്ക് ദീര്‍ഘകാല കരാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ദീര്‍ഘകാല കരാര്‍ നടപ്പിലാക്കുന്നതു മൂലം സില്‍ക്കിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കമ്പനിയുടെ സ്വന്തം വരുമാനത്തില്‍ നിന്നും കണ്ടെത്തണമെന്ന നിബന്ധനയ്ക്ക വിധേയമായിട്ടാണ് ദീര്‍ഘകാല കരാര്‍ നടപ്പാക്കുന്നത്.
ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതിയുടെ കാലയളവിലേക്ക് മാത്രമായി കോ-ടെര്‍മിനസ് വ്യവസ്ഥയില്‍ സ്റ്റേറ്റ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് (പി.എം.യു) രൂപീകരിക്കും. ഇതിനായി വിദഗ്ധരെ / സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിനെ ധനകാര്യവകുപ്പിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കും.
ഫിനാന്‍സ് മാനേജ്‌മെന്റ് എക്‌സ്‌പേര്‍ട്ട്, പ്രൊക്യുര്‍മെന്റ് എക്‌സ്‌പേര്‍ട്ട്, എന്‍വയേണ്‍മെന്റ് എക്‌സ്‌പേര്‍ട്ട്, സോഷ്യല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ജന്റര്‍ എക്‌സ്‌പേര്‍ട്ട്, അര്‍ബന്‍ സാനിറ്റേഷന്‍ ആന്‍ഡ് ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട്, മോണിറ്ററിംഗ് ആന്‍ഡ് വാല്യൂവേഷന്‍ എക്‌സ്‌പേര്‍ട്ട്, ഐ.ഇ.സി. എക്‌സ്‌പേര്‍ട്ട്, ഫിനാന്‍സ് അസിസ്റ്റന്റ് എന്നിവയുടെ ഓരോ തസ്തികയിലേക്കും ഡാറ്റ എന്ററി ഓപ്പറേറ്റര്‍ കം മള്‍ട്ടി ടാസ്‌ക് പേഴ്‌സണിന്റെ മൂന്നു തസ്തികകളിലേക്കുമാണ് കരാര്‍ അടിസ്ഥാനത്തില്‍ നിമയനം നടത്തുക.
ഒരു വീഡിയോ എഡിറ്റിംഗ് ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ വിദഗ്ധനെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ കെ.എസ്.ഡബ്ല്യു.എം.പി പ്രൊജക്ട് ഡയറട്കര്‍ക്ക് അനുമതി നല്‍കാനും തീരുമാനിച്ചു.
2005-ലെ കേരള ഭൂപരിഷ്‌കരണ (ഭേദഗതി) നിയമത്തിലെ 7-ഇ പ്രകാരം തെറ്റായി 'സര്‍ട്ടിഫിക്കറ്റ് ഓഫ് ടൈറ്റില്‍' നല്‍കുന്ന കേസുകളില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
തെറ്റായി ടൈറ്റില്‍ നല്‍കപ്പെടുന്നതിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് നിലവില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ സര്‍ക്കാരിന് മിച്ചഭൂമി നഷ്ടപ്പെടുന്നതും ഭീമമായ തുക നഷ്ടപരിഹാരം നല്‍കേണ്ടതുമായ സാഹചര്യത്തിലാണ് ഈ നിയമത്തില്‍ ഭേദഗതി വരുത്തുന്നത്.
സംസ്ഥാന സര്‍ക്കാര്‍ 2020-21 സീസണിലേക്ക് സപ്ലൈകോ മുഖേന നടത്തുന്ന നെല്ല് സംഭരണത്തില്‍ സഹകരണ വകുപ്പിനെ കൂടി പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.
അവിനാശി കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തോംസണ്‍ ഡേവിസ്, ബിന്‍സി ഇഗ്‌നി, ബിനു എന്നിവര്‍ക്ക് അധിക ചികിത്സാ ധനസഹായമായി 13,55,301 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുക്കും. നേരത്തെ ബിനുവിന്റെ ചികിത്സക്കായി 6,33,880 രൂപ അനുവദിച്ചിരുന്നു.
Content Highlights: 768 posts for Kannur Medical College- cabinet decision
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..