കൊച്ചി: ഫോണിലൂടെ പറഞ്ഞുറപ്പിച്ച ലോട്ടറി ടിക്കറ്റിന് സമ്മര്‍ ബംപര്‍ സമ്മാനമായി ആറ് കോടി രൂപ സമ്മാനമടിച്ചപ്പോള്‍ സമ്മാനത്തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ ലോട്ടറി വിറ്റ സ്മിജക്ക് നല്‍കിയിരിക്കുകയാണ് ആലുവ കീഴ്മാട് പാലച്ചുവട്ടില്‍ ചന്ദ്രന്‍. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ചന്ദ്രന്റെ എസ് ഡി 316142 എന്ന ടിക്കറ്റിന് സംസ്ഥാന സര്‍ക്കാരിന്റെ ബംപറടിച്ചത്. 

രാജഗിരി ആശുപത്രിക്ക് മുന്നിലാണ് സ്മിജ മോഹനന്‍ ലോട്ടറി വിറ്റിരുന്നത്. അന്ന് വിറ്റ് പോകാതിരുന്ന ടിക്കറ്റുകള്‍ പലരെയും ഫോണില്‍ വിളിച്ച് വേണോ എന്ന് അന്വേഷിച്ച കൂട്ടത്തിലാണ് തന്റെ പക്കല്‍ നിന്നും സ്ഥിരമായി ലോട്ടറിയെടുക്കുന്ന ചന്ദ്രനേയും സ്മിജ വിളിച്ചത്. ഒടുവില്‍ ടിക്കറ്റ് പറഞ്ഞുറപ്പിച്ച് മാറ്റിവെക്കുകയും ടിക്കറ്റിന്റെ ഫോട്ടോ വാട്സ് ആപ്പ് വഴി അയച്ചു കൊടുക്കുകയും ചെയ്യുകയായിരുന്നു. ടിക്കറ്റിന്റെ പണം അടുത്ത ദിവസം നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. ഒടുവില്‍ ബംപറടിച്ചതാകട്ടെ ചന്ദ്രന്‍ പറഞ്ഞുറപ്പിച്ച് മാറ്റിവെച്ച ആ ടിക്കറ്റിനും. സ്മിജയും ഭര്‍ത്താവും ചേര്‍ന്ന് ചന്ദ്രന്റെ വീട്ടിലെത്തി ടിക്കറ്റ് കൈമാറുകയായിരുന്നു. 

ആഗസ്റ്റില്‍ ഏജന്‍സി കമ്മിഷനും നികുതിയുമെല്ലാം കഴിഞ്ഞ് ബാക്കി തുക മുഴുവന്‍ കൈയില്‍ കിട്ടിയപ്പോഴാണ് തനിക്ക് ലഭിച്ച സമ്മാനത്തുകയില്‍ നിന്നും വാക്ക് പാലിച്ച സ്മിജക്ക് ഒരു ലക്ഷം രൂപ ചന്ദ്രന്‍ സമ്മാനമായി നല്‍കിയത്. 

'എനിക്ക് ഒരു പൈസയും വേണ്ടെന്നാണ് സ്മിജ ആദ്യം മുതല്‍ പറഞ്ഞത്. ഞാന്‍ സ്മിജയോട് അക്കൗണ്ട് നമ്പര്‍ തരാന്‍ പറഞ്ഞിരുന്നു. പക്ഷേ സ്മിജ നമ്പര്‍ തന്നില്ല. 'പണമൊന്നും വേണ്ട ഞാന്‍ ഒരു കച്ചവടമാണ് ചെയ്യുന്നത്. അതിന്റെ പണം എനിക്ക് കിട്ടി. ബാക്കി എനിക്കുള്ളത് ദൈവം അപ്പുറത്ത് തന്നിട്ടുണ്ട്.- ഇതായിരുന്നു സ്മിജ എന്നോട് പറഞ്ഞത്. പക്ഷേ സ്മിജയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം കൊടുക്കുകയായിരുന്നു. കൈയില്‍ കൊടുത്തിട്ട് വാങ്ങാത്തതുകൊണ്ട് വണ്ടിയില്‍ വെച്ച് കൊടുക്കുകയായിരുന്നു. ആഗസ്റ്റില്‍ സമ്മാനതുക ലഭിച്ചെങ്കിലും ഞങ്ങളെല്ലാവരും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അതാണ് ഇത്രയും വൈകിയത്', ചന്ദ്രന്‍  പറയുന്നു.  

തന്റെ കമ്മിഷന്‍ തുകയായ 51 ലക്ഷം രൂപ നേരത്തെ സ്മിജയ്ക്ക്‌ കിട്ടിയിരുന്നു. രാജഗിരി കോളേജിന് സമീപത്ത് തന്നെയാണ് ഇപ്പോഴും ലോട്ടറി വില്‍ക്കുന്നത്. കട വിപുലീകരിച്ചു. പിന്നെ വീടിനും ചില പണികള്‍ ചെയ്യാനുണ്ടായിരുന്നു. അത് തീര്‍ത്ത് ബാക്കി തുക ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണെന്ന് സ്മിജ പറയുന്നു.

'ചന്ദ്രന്‍ ചേട്ടന് ആഗസ്റ്റില്‍ പണം കിട്ടിയിരുന്നു. ഇന്നലെ വീട്ടിലേക്ക് വിളിച്ചിരുന്നു. അങ്ങനെ പോയപ്പോഴാണ് ഒരു ലക്ഷം രൂപ തന്നത്. ഇന്ന് കാലത്ത് അത് ട്രഷറിയില്‍ കൊണ്ടുപോയി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചു. ചന്ദ്രന്‍ ചേട്ടന്‍ എനിക്ക് എന്താണ് തന്നതെന്ന് എല്ലാവരും ചോദിക്കുമായിരുന്നു. അതുകൊണ്ടാണ് ഈ തുക അദ്ദേഹം തന്ന കാര്യം ഇപ്പോള്‍ എല്ലാവരോടും പറയുന്നത്. പണമൊന്നും വേണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം ഇത് തരുകയായിരുന്നു', സ്മിജ പറഞ്ഞു. 

പട്ടിമറ്റത്തെ ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്നാണ് സ്മിജ ടിക്കറ്റ് എടുത്ത് വില്പന നടത്തുന്നത്.