കോലഞ്ചേരി: അങ്കമാലിയില്‍ പിതാവിന്റെ ക്രൂര മര്‍ദനത്തിന് ഇരയായ പിഞ്ചുകുഞ്ഞിന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതി. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞ് മുലപ്പാല്‍ കുടിച്ചു. ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിന് പരിക്കേറ്റതിനാല്‍ തന്നെ ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

രാവിലെ ആദ്യ മണിക്കൂറുകളില്‍ കുട്ടി ബോധം വീണ്ടെടുത്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അതിന്റെ സൂചനയെന്നോണം കുഞ്ഞ് വേദന തിരിച്ചറിഞ്ഞ് കരയുകയും കൈകാലുകള്‍ ഇളക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞ് വലിയ പുരോഗതി നേടിയെന്നാണ് ഡോക്ടര്‍മാര്‍ പങ്കുവെയ്ക്കുന്നത്. 

തലയ്‌ക്കേറ്റ ക്ഷതത്തെ തുടര്‍ന്ന് തലയോട്ടിക്കും തലച്ചോറിനുമിടയിലുണ്ടായ രക്തസ്രാവം നീക്കം ചെയ്യുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് തിങ്കളാഴ്ച രാവിലെ 9.30-ന് തുടങ്ങിയത്. ബര്‍ഹോള്‍ എസ്.ഡി.എച്ച്. ഇവാക്കുവേഷന്‍ എന്ന സര്‍ജറിയിലൂടെയാണ് കുട്ടിയുടെ തലയ്ക്കുള്ളിലെ രക്തസ്രാവം തലയുടെ രണ്ടു വശങ്ങളിലൂടെ നീക്കം ചെയ്തത്.

54 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് ചാത്തനാട്ട് വീട്ടില്‍ ഷൈജു തോമസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടി തന്റെയല്ല എന്നുള്ള സംശയത്താലും പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശയാലുമാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. ജോസ്പുരം ഭാഗത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍, കിടപ്പുമുറിയില്‍ വെച്ചാണ് കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചത്. ഭാര്യയുടെ കൈയില്‍നിന്ന് ബലമായി പിടിച്ചുവാങ്ങി കൈകൊണ്ട് രണ്ടുപ്രാവശ്യം കുട്ടിയുടെ തലയ്ക്ക് അടിക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തു.

Content Highlights: 54-day old baby suffers brain damage after father flings her on cot