തകർന്നു വീണ കെട്ടിടം
തൃശ്ശൂർ: എരുമപ്പെട്ടി പഞ്ചായത്തിലെ കടങ്ങോട് റോഡ് കവലയിൽ അപകടാവസ്ഥയിൽ നിന്നിരുന്ന കെട്ടിടം നിലംപൊത്തി. സംസ്ഥാനപാതയ്ക്കും പൊതുമരാമത്ത് റോഡിനും മധ്യേ നിൽക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഞായറാഴ്ച രാത്രി 8.15ഓടെ നിലംപൊത്തിയിരുന്നു. മറ്റു ഭാഗങ്ങൾ തിങ്കളാഴ്ച ഉച്ചയോടു കൂടി നിലംപൊത്തുകയായിരുന്നു.
അമ്പത് വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യകെട്ടിടമാണ് നിലംപൊത്തിയത്. കെട്ടിടം ബലപ്പെടുത്തി നിലനിറുത്താനുള്ള ശ്രമത്തിനിടെയായിരുന്നു അപകടമെന്നാണ് വിവരം. അപകടം സമയത്ത് റോഡിൽ കൂടി ഓട്ടോറിക്ഷയും ബൈക്കുകളും ഓടിക്കൊണ്ടിരുന്നു. കെഎസ്ഇബി വൈദ്യുതി തൂൺ റോഡിലേക്ക് ചെരിഞ്ഞെങ്കിലും നിലത്ത് വീഴാത്തത് വൻദുരന്തമാണ് ഒഴിവാക്കിയത്.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ കെട്ടിടത്തിന്റെ പുനർ നിർമാണം നടത്തുന്നതിനിടെയായിരുന്നു അപകടം. യാത്രക്കാർക്കും പൊതുജനങ്ങൾക്കും സമീപത്തെ കടകൾക്കും കെട്ടിടത്തിലെ തൊഴിലാളികളുടെ ജീവനും ഭീഷണിയാകുന്ന രീതിയിലാണ് കെട്ടിട നിർമ്മാണമെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് കെട്ടിടം നിർമാണം തടഞ്ഞിരുന്നു.

എരുമപ്പെട്ടി പഞ്ചായത്ത് അധികൃതർ വർഷങ്ങൾക്കുമുൻപ് കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. 2014-ൽ പൊളിച്ചുമാറ്റുന്നതിന് നിർദേശം നൽകിയതിനെത്തുടർന്ന് കെട്ടിടത്തിലെ വാടകക്കാരിൽ ഭൂരിഭാഗവും മറ്റിടങ്ങളിലേക്ക് മാറിയിരുന്നു.
ചാവക്കാട്-വടക്കാഞ്ചേരി സംസ്ഥാനപാതയ്ക്കും കടങ്ങോട്-അക്കിക്കാവ് പൊതുമരാമത്തു പാതയ്ക്കും ഇടയിലെ ചെറിയ സ്ഥലത്താണ് കെട്ടിടം. ഇത് പൊളിച്ചുനീക്കി മറ്റൊരു കെട്ടിടം പണിയാനെന്ന വ്യാജേന പണികളും അടുത്തിടെ തുടങ്ങിയിരുന്നു. പൊളിക്കുന്നതിനുപകരം കോൺക്രീറ്റ് തൂണുകൾ വെച്ച് ബലപ്പെടുത്തുന്ന പണികൾ നടത്തുകയായിരുന്നു എന്നാണ് ആരോപണം.

എരുമപ്പെട്ടി പോലീസ് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ്, പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്ലാൽ എന്നിവർ സ്ഥലത്തെത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..