തിരുവനന്തപുരം: കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ മാളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ഷോപ്പിങ് കോംപ്ലെക്‌സുകളിലെ 50 ശതമാനം കടകള്‍ ഒരു ദിവസം തുറക്കാം. ഏതൊക്കെ കടകള്‍ തുറക്കണം എന്നത് സംബന്ധിച്ച് അവിടെയുള്ള കൂട്ടായ്മ തദ്ദേശ സ്ഥാപനങ്ങളുമായി ചര്‍ച്ചചെയ്ത് അവയുടെ അനുമതിയോടെ തീരുമാനിക്കം.

ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ഹെയര്‍ കട്ടിങ്, ഷേവിങ് ജോലികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാം. ഒരു സമയം രണ്ടിലധികം പേര്‍ അവിടെ കാത്തുനില്‍ക്കാന്‍ പാടില്ല. ഒരേ ടവല്‍ പലര്‍ക്കായി ഉപയോഗിക്കരുത്. കസ്റ്റമര്‍ തന്നെ ടവല്‍ കൊണ്ടുപോകുന്നതാണ് ഉത്തമം. ഫോണില്‍ അപ്പോയിന്‍മെന്റ് എടുക്കുന്ന സംവിധാനം പ്രോത്സാഹിപ്പിക്കണം.

റസ്റ്റോറന്റുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാത്രി ഒന്‍പത് വരെ ഭക്ഷണവിതരണം നടത്താം. എന്നാല്‍ പത്തുവരെ ഓണ്‍ലൈന്‍ ഹോം ഡെലിവിറി അനുവദിക്കും.

ബിവറേജസ് ഓട്ട്‌ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകള്‍ പാലിച്ചുകൊണ്ട് പാഴ്‌സല്‍ സര്‍വീസിനായി തുറക്കാം. ബാറുകളില്‍ മദ്യ വിതരണത്തിനും ആഹാര വിതരണത്തിനും ഈ നിബന്ധന ബാധകമാണ്. ഈ സംവിധാനം നിലവില്‍ വരുന്ന ദിവസം മുതല്‍ ക്ലബ്ബുകളില്‍ ഒരു സമയത്ത് അഞ്ച് ആളുകളില്‍ അധികം വരില്ലെന്ന നിബന്ധന പാലിച്ചുകൊണ്ട് അംഗങ്ങള്‍ക്ക് മദ്യവും ആഹാരവും പാഴ്‌സലായി വിതരണം ചെയ്യാം. ടെലിഫോണ്‍ ബുക്കിങോ മറ്റുമാര്‍ഗങ്ങളോ ക്ലബ്ബുകള്‍ സ്വീകരിക്കണം. അംഗങ്ങള്‍ അല്ലാത്തവരുടെ പ്രവേശനം ക്ലബ്ബുകളില്‍ അനുവദിക്കില്ല. കള്ളുഷാപ്പുകളില്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി കള്ളും ആഹാരവും വിതരണം ചെയ്യാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്

Content Highlights: 50% shops in shopping complexes will open; barber shops are allowed