പ്രതി അലക്സ്
പത്തനംതിട്ട: പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അലക്സ് പിടിയില്‍.നാട്ടുകാര്‍ ഇയാളെ പോലീസ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ഇയാള്‍ രക്ഷപ്പെടുന്നത്. ഇയാള്‍ക്കുവേണ്ടി രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു.ശൗചാലയത്തില്‍ പോകണമെന്നാവശ്യപ്പെട്ട അലക്സിനെ സ്റ്റേഷന് പുറത്തേക്ക് ഇറക്കിയപ്പോഴാണ് വിലങ്ങുമായി ഓടിരക്ഷപ്പെട്ടത്.
കുമ്പഴ കളീക്കല്‍പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന തമിഴ്നാട് രാജപാളയം സ്വദേശികളുടെ കുടുംബത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടാനച്ഛന് അലക്സിനെ (23) പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തിരുന്നു. ശരീരം കത്തികൊണ്ട് മുറിച്ചും മര്‍ദിച്ചും അഞ്ചുവയസ്സുകാരിയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ-കുട്ടിയുടെ അമ്മ തിങ്കളാഴ്ച രാവിലെ എട്ടരയോടെ സമീപത്തെ വീട്ടില്‍ ജോലിക്ക് പോയി. രണ്ടരയോടെ തിരികെവരുമ്പോള്‍ മദ്യപിച്ചനിലയില്‍ അലക്സ് മുറിയില്‍ കിടക്കുന്നതുകണ്ടു. തൊട്ടടുത്ത് ചലനമറ്റ് കുഞ്ഞും കിടപ്പുണ്ടായിരുന്നു. കുഞ്ഞിന് എന്തുപറ്റിയെന്ന് തിരക്കിയ അമ്മയെ അലക്സ് മര്‍ദിച്ചു. ഇതോടെ പുറത്തിറങ്ങിയ അമ്മ വിവരം സമീപവാസികളെ അറിയിച്ചു. കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. പക്ഷേ, കുഞ്ഞ് മരിച്ചിരുന്നു.
കുഞ്ഞിന്റെ കഴുത്തിലുള്‍പ്പെടെ പലയിടത്തും മുറിവേറ്റ പാടുകളുണ്ട്. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. മൃതദേഹം ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. പോലീസ് അലക്സിനെ വീട്ടില്‍നിന്ന് പിടികൂടി. ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ കുമ്പഴ ജങ്ഷനില്‍ പുറത്തേക്കുചാടി അക്രമാസക്തനായ ഇയാളെ പോലീസ് കീഴ്പെടുത്തുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..