തിരുവനന്തപുരം: സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീല്‍ഡ് വാക്സിനുമാണ് ലഭിച്ചത്. 

നേരത്തെ കെ.എം.എസ്.സി.എല്‍. മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്സിന്‍ ഇന്നലെയാണ് എറണാകുളത്ത് എത്തിയത്. ഇത് വിവിധ ജില്ലകളിലായി വിതരണം ചെയ്തുവരുന്നു. കേന്ദ്രം അനുവദിച്ച വാക്സിന്‍ രാത്രിയോടെ തിരുവനന്തപുരത്താണ് എത്തിയത്.

ഇതോടെ സംസ്ഥാനത്തിനാകെ 1,10,52,440 ഡോസ് വാക്സിനാണ് ലഭ്യമായത്. അതില്‍ 9,35,530 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 10,73,110 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 90,34,680 ഡോസ് കോവിഷീല്‍ഡ് വാക്സിനും 9,44,650 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 99,79,330 ഡോസ് വാക്സിന്‍ കേന്ദ്രം നല്‍കിയതാണെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: 5.38 lakh doses of covid vaccine reaches Kerala, says health minister veena george