കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് പോസിറ്റീവായ 40 ശതമാനം പേരും ഒരു രോഗലക്ഷണവും ഇല്ലാത്തവർ. 44 ശതമാനം പേർക്ക് ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്. 16 ശതമാനം പേർക്കാണ് പ്രകടമായ രോഗലക്ഷണങ്ങളുള്ളത്. ഇതിൽത്തന്നെ രോഗം ഗുരുതരമാകുന്നത് ആറു ശതമാനം പേർക്ക് മാത്രവും. ജില്ലയുടെ കോവിഡ് പ്രതിരോധ ചുമതലയുള്ള മന്ത്രി വി.എസ്. സുനിൽകുമാറാണ് വാർത്താസമ്മേളനത്തിൽ ഈ കണക്കുകൾ പുറത്തുവിട്ടത്.
ജില്ലയിലെ കോവിഡ് കേസുകളിൽ 75 ശതമാനവും പത്തു വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്. 10 വയസ്സിൽ താഴെയുള്ളവർ ഏഴു ശതമാനവും 60 വയസ്സിന് മുകളിലുള്ള രോഗികൾ 18 ശതമാനവുമാണ്. എറണാകുളത്ത് ഇതുവരെ 1782 പോസിറ്റീവ് കേസുകൾ ഉണ്ടായതായും ഇതിൽ 1018 പേർ രോഗമുക്തരായതായും മന്ത്രി അറിയിച്ചു.
നിലവിൽ പത്ത് മൈക്രോ ക്ലസ്റ്ററുകളും നാല് ലാർജ് ക്ലസ്റ്ററുകളുമാണ് ജില്ലയിലുള്ളത്. ചെല്ലാനം ഉൾപ്പെടെ പല ക്ലസ്റ്ററുകളിലും രോഗികൾ കുറഞ്ഞിട്ടുണ്ടെങ്കിലും പൂർണമായും രോഗവ്യാപനം ഒഴിവാക്കിയാലേ കണ്ടെയ്ൻമെന്റ് സോണുകൾ പിൻവലിക്കൂ എന്ന് മന്ത്രി പറഞ്ഞു.
'കൃത്യമായ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല അവരെ സുരക്ഷിതരാക്കാനാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴിവാക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും മേഖലയെ ഒഴിവാക്കാനാകുന്ന സാഹചര്യമുണ്ടായാലുടൻ ഒഴിവാക്കുന്നതായിരിക്കും' -മന്ത്രി വ്യക്തമാക്കി.
നിലവിൽ ജില്ലയിലെ പ്രധാന ക്ലസ്റ്ററുകളിലെ കണക്കുകൾ ഇപ്രകാരമാണ്: ആലുവ -93, കീഴ്മാട് -130, എടത്തല-39, കടുങ്ങല്ലൂർ -45, ചൂർണിക്കര -34, ആലങ്ങാട് -26, ചെങ്ങമനാട് -13, കരുമാലൂർ -15, ഫോർട്ടുകൊച്ചി -54. തൃക്കാക്കര എസ്ഡി കോൺവെന്റിൽ മാത്രം 46 കേസുകളും ചുണങ്ങൻവേലിയിലെ കോൺവെന്റുമായി ബന്ധപ്പെട്ട് 28 കേസുകളുമുണ്ട്. ശ്രീമൂലനഗരത്ത് ബഫർ സോണിൽ ഉൾപ്പെടെ ദിവസം മൂന്ന് കേസുകൾ ഉണ്ടാകുന്നുണ്ട്.
അടുത്ത ദിവസങ്ങളിൽ ഫോർട്ടുകൊച്ചിയിൽ ഉണ്ടായ രോഗവ്യാപനമാണ് നിലവിൽ ആശങ്കപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഇവിടെ 54 കേസുകളാണ് നിലവിലുള്ളത്. രോഗവ്യാപനമുള്ള വാർഡുകൾ പ്രത്യേക മേഖലയായി തിരിച്ച് ഇവിടെ ആലുവ മോഡലിൽ കർഫ്യൂ ഉൾപ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.