കരുവന്നൂർ സഹകരണ ബാങ്ക് |ഫോട്ടോ:മാതൃഭൂമി
തൃശ്ശൂര്‍: വായ്പയെടുത്തതിനേക്കാള് കൂടുതല്‍ തുക ബാങ്കില്‍ നിക്ഷേപമായി ഉണ്ടായിട്ടും ജപ്തിഭീഷണിയിലായി ഒരു കുടുംബം. 300 കോടിയുടെ തട്ടിപ്പിലൂടെ സാമ്പത്തികപ്രതിസന്ധിയിലായ കരുവന്നൂര്‍ സഹകരണ ബാങ്കിന്റേതാണ് വിചിത്രനടപടി. ബാങ്കില്‍നിന്ന് മൂന്നുലക്ഷം രൂപ വായ്പയെടുത്ത തളിയക്കോണം ആഴ്ചങ്ങാട്ടില്‍ വീട്ടില്‍ എ.എ. ഗീതയ്ക്കും കുടുംബത്തിനുമാണ് നോട്ടീസ് കിട്ടിയത്.
ഗീത 2018-ല്‍ ആണ് കരുവന്നൂര്‍ ബാങ്കിന്റെ മാപ്രാണം ശാഖയില്‍നിന്ന് വായ്പയെടുത്തത്. പലിശ കൃത്യമായി അടച്ചുപോന്നിരുന്നെങ്കിലും പ്രളയവും കോവിഡും ഭര്‍ത്താവിന്റെ മരണവും കാരണം മുതലിലേക്ക് തുകയടയ്ക്കാന്‍ കഴിയാതെ വന്നു. ഗീതയുടെ അമ്മ ദേവകിയുടെ പേരില്‍ കരുവന്നൂര്‍ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയില്‍ നാലുലക്ഷം രൂപ നിക്ഷേപമുണ്ട്. ഗീതയോടൊപ്പമാണ് അമ്മ ദേവകിയും താമസിക്കുന്നത്.
പലതവണ നിക്ഷേപം തിരികെ ആവശ്യപ്പെട്ടെങ്കിലും സാമ്പത്തികപ്രതിസന്ധിയുടെ പേര് പറഞ്ഞ് നല്‍കിയില്ല. മകളുടെ പേരില്‍ ജപ്തിനോട്ടീസ് എത്തിയപ്പോള്‍ ബാങ്കിലെ നിക്ഷേപത്തില്‍നിന്ന് വായ്പയിലേക്ക് വകയിരുത്തി ജപ്തി ഒഴിവാക്കണമെന്ന് ദേവകി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബാങ്ക് അധികൃതര്‍ അതിന് സമ്മതിച്ചില്ല. നിക്ഷേപത്തിന്റെ പകുതി തുക മാത്രമേ ഇതിലേക്ക് മാറ്റാന്‍ കഴിയുകയുള്ളൂവെന്നാണ് പറഞ്ഞതെന്ന് ഗീത പറയുന്നു. ബാക്കി തുക ഈടാക്കാന്‍ ജപ്തിനടപടിയുണ്ടാകുമെന്നും അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ ഷാജുട്ടന്റെ നേതൃത്വത്തില്‍ ഗീതയും കുടുംബവും മുകുന്ദപുരം സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിലെത്തി സംസാരിച്ചു.
ബാങ്കില്‍ നിക്ഷേപമുള്ളതിനാല്‍ ഒരു പ്രത്യേക പരിഗണനയായി നിക്ഷേപത്തുകയില്‍നിന്ന് പണം വായ്പയിലേക്ക് മാറ്റി ജപ്തി ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്ന് ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചതായി ഗീത പറഞ്ഞു. ഇതിനായി അപേക്ഷ നല്കാന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Content Highlights: 4 lakh deposit-3 lakh loan-Threat of foreclosure-karuvannur bank
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..