കൊച്ചി: എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ 35 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചെല്ലാനത്ത് മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83 ആയി. ഇന്നലെ പതിനഞ്ച് പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിരുന്നത്. 

ചെല്ലാനത്ത് 35 പേര്‍ക്ക്കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന വിവരം മന്ത്രി വി എസ് സുനില്‍കുമാറാണ് വ്യക്തമാക്കിയത്. ഇന്നലത്തെ കണക്കുകളില്‍ ഈ 35 പേരുടെ വിവരം ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. കണക്കുകള്‍ മറച്ചുവെക്കുന്നുവെന്ന ആരോപണങ്ങള്‍ ഹൈബി ഈഡന്‍ എം പി അടക്കമുള്ളവര്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് സ്ഥിരീകരിച്ചവരെ കണക്കുകളില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയടക്കം ഉറപ്പാക്കുകയും  ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പ്രദേശത്ത് മൊബൈല്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ സര്‍ക്കാര്‍ ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തെ എല്ലാവര്‍ക്കും അഞ്ച് കിലോ അരിവീതം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രദേശത്ത് കൂടുതല്‍ കോവിഡ് പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണ്. നിലവില്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടേയും ഹൈറിസ്‌ക് സാധ്യതയുള്ളവരിലുമാണ് ഇപ്പോള്‍ ടെസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രോഗവ്യാപനം കൂടുതലായിരുന്ന നാലോളം വാര്‍ഡുകളിലെ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് കൂടൂതല്‍ പേര്‍ പോസിറ്റീവ് ആകാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.  

ചെല്ലാനം ഹാര്‍ബറാണ് രോഗവ്യാപനത്തിന്റെ കേന്ദ്രമായി സംശയിക്കുന്നത്. ചെല്ലാനം പ്രദേശത്ത് ആദ്യഘട്ടത്തില്‍ രോഗബാധ സ്ഥിരീകരിച്ച തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയുടെ ഭര്‍ത്താവ് ഹാര്‍ബറിലെ ജീവനക്കാരനാണ്. ഇയാളോടൊപ്പം ജോലി ചെയ്തിരുന്നവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ ഫിഷിങ് ഹാര്‍ബറിലെ തൊഴിലാളിയുടെ ഗര്‍ഭിണിയായ ഭാര്യക്കും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.

വെള്ളിയാഴ്ച വരെ പന്ത്രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. തുടര്‍ന്ന് ക്ലസ്റ്ററുകള്‍ തിരിച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന കോവിഡ് രോഗികളില്‍ ഭൂരിഭാഗവും ചെല്ലാനത്താണ്. അതുകൊണ്ടുതന്നെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും അതീവ ജാഗ്രതയിലാണ്. ഹാര്‍ബറുമായി ബന്ധപ്പെടുത്തി ആദ്യ കോവിഡ് കേസ് മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

Content Highlights: 35 more people tested covid positive in Ernakulam Chellanam Panchayath