കൊച്ചി: കെ എസ് എഫ് ഇയില്‍ 35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടേയും വിവരങ്ങൾ ചോർന്നുവെന്ന ആരോപണവുമായി പി ടി തോമസ് എം എല്‍ എ. അമേരിക്കന്‍ കമ്പനിയായ ക്ലിയര്‍ ഐ ആണ് വിവരം ചോര്‍ത്തിയതെന്നാണ് ആരോപണം. കെ എസ് എഫ് ഇ മൊബൈല്‍ ആപ്ലിക്കേഷനുകളും വെബ് പോര്‍ട്ടലും നിര്‍മ്മിക്കാന്‍ നല്‍കിയ ടെണ്ടറിലാണ് വന്‍ അഴിമതി നടന്നതായി ആരോപിക്കുന്നത്. സ്പ്രിംഗ്‌ളര്‍ മോഡല്‍ കമ്പനിയായ ക്ലിയര്‍ ഐ ഡാറ്റ ചോര്‍ത്തിയെടുത്തതില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കെ എസ് എഫ് ഇ ഡാറ്റ കൈമാറിയത് സര്‍ക്കാരിന്റെ അറിവോടെയാണ്. ചട്ടവിരുദ്ധമായാണ് കരാര്‍ ഉറപ്പിച്ചത്. സ്റ്റാര്‍ട്ടപ്പ് കമ്പനികളെ സഹായിക്കാനെന്ന രീതിയിലാണ് ഈ ടെന്‍ഡര്‍ ഇഷ്ടക്കാര്‍ക്ക് നല്‍കിയത്. 14 കമ്പനികള്‍ താല്‍പര്യപത്രം സമര്‍പ്പിച്ചു. 9 കമ്പനികളെ യോഗ്യത ഇല്ലാത്തതിനാല്‍ തള്ളി. വേണ്ടത്ര യോഗ്യത ഇല്ലാതിരുന്നിട്ടും അഞ്ച് കമ്പനികളെ ഉള്‍പ്പെടുത്തി ടെണ്ടര്‍ വിളിച്ചു. ടെണ്ടര്‍ നടപടിയില്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പോലും പാലിക്കാതെ എ ഐ വെയര്‍, തോട്ട് റിപ്പിള്‌സ് പ്രൈവറ്റ് ലിമിറ്റഡ്, വി.എസ്.റ്റി മോബിലിറ്റി സോല്യൂഷന്‍സ് എന്നീ കമ്പനികള്‍ ഉള്‍പെടെ എ ഐവെയര്‍ & കണ്‍സോര്‍ഷ്യം പാര്‍ട്നേഴ്‌സിന് മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും നിര്‍മ്മിക്കുന്നതിനായി കരാര്‍ നല്‍കുകയായിരുന്നു. ടെന്‍ഡര്‍ കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ഈ നടപടി. 
 
കമ്പനികളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് 46 ദിവസം മാത്രം പഴക്കമുള്ള എ ഐ വെയര്‍ എന്ന കമ്പനി ടെന്‍ഡര്‍ കരസ്ഥമാക്കി. ടെണ്ടര്‍ ലഭിച്ച് ആറുമാസത്തിനുള്ളില്‍ പ്രസ്തുത കമ്പനി ക്ലിയര്‍ ഐ എന്ന അമേരിക്കന്‍ കമ്പനിയില്‍ ലയിക്കുകയായിരുന്നു. ഇത് കൂടുതല്‍ ദുരുഹതയുണ്ടാക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. 

അമേരിക്കന്‍ കമ്പനിയായ ക്ലിയര്‍ ഐ യുടെ ഡയറക്ടര്‍മാരില്‍ ഒരാളായ മൈല്‍സ് എവെര്‍സന്‍ വിവാദ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന്റെ ഏഷ്യന്‍ റീജണല്‍ ഡയറക്ടര്‍ കൂടിയാണ്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഡയറക്ടര്‍മാരില്‍ ഒരാളായ ജെയ്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കണ്‍സള്‍ട്ടന്റുമാണെന്നത് കൂട്ടിവായിച്ചാല്‍ ദുരൂഹത വര്‍ധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

കെ എസ് എഫ് ഇ യുടെ കാസ്ബ അപ്ലിക്കേഷന്‍ 2017 ലാണ് നിലവില്‍ വന്നത്. കാസ്ബ സോഫ്റ്റ്‌വെയറിന്റെ സെക്യൂരിറ്റി ഓഡിറ്റ് നടത്താന്‍ 2017 നവംബറില്‍  നിബോധ എന്ന കമ്പനിയുടെ ഡയറക്ടര്‍ ഗിരീഷ് ബാബുവിനെ സിഡിറ്റിനെ മറയാക്കി 34.72 ലക്ഷം രൂപ നല്‍കി നിയമിച്ചു. 10 ലക്ഷത്തിന് മുകളിലുള്ള കരാര്‍ ടെന്‍ഡര്‍ നല്‍കണമെന്ന വ്യവസ്ഥ ലംഘിച്ചാണ് ഈ നടപടി. ഇപ്പോള്‍ ഇയാളെ കെഎസ്എഫ്ഇയുടെ ഐടി കണ്‍സള്‍ട്ടന്റായി 1.80  ലക്ഷം രൂപ മാസവേതനത്തിനു നിയമിച്ചിരിക്കുന്നതായും അദ്ദേഹം ആരോപിച്ചു. 

ഏകദേശം 100 കോടി രൂപയുടെ പുതിയ സോഫ്റ്റ്‌വെയര്‍ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇതിനുപിന്നില്‍ സിഡിറ്റ് ഡയറക്ടറും കെഎസ്എഫ്ഇ ഡയറക്ടറും പര്‍ച്ചേസ് കമ്പനി തലവനും പ്ലാനിംഗ് ബോര്‍ഡ് മേധാവിയുമായ പി വി ഉണ്ണികൃഷ്ണന്റെ വഴിവിട്ട ഇടപാടാണെന്നും  പി ടി തോമസ് എം എല്‍ എ ആരോപിച്ചു. 

Content Highlights: 35 lakh customers data leakage in KSFE; allegation by PT Thomas MLA