തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ആരോഗ്യ, ആയുഷ്, വിദ്യാഭ്യാസ വകുപ്പുകളിലായി 3,151 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. ഇതിൽ 3000 തസ്തികകളും ആരോഗ്യ വകുപ്പിലാണ്.

ഹെല്‍ത്ത് സര്‍വീസ് 1217, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് -527, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് -772, മലബാര്‍ കാന്‍സര്‍ സെന്റര്‍- 33, ആയുഷ് വകുപ്പ് -300, മറ്റ് വിഭാഗങ്ങളായി 151 എന്നിങ്ങനെയാണ് 3,000 തസ്തികകള്‍ സൃഷ്ടിച്ചത്. ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ, ആയുഷ് വകുപ്പുകളിലെ ഏതൊക്കെ സ്ഥാപനങ്ങളില്‍ ഏതൊക്കെ വിഭാഗങ്ങളിലാണ് തസ്തികകളെന്ന് പിന്നീട് തീരുമാനിക്കും.

35 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 151 തസ്തിക സൃഷ്ടിക്കാനും മണ്ണ് സംരക്ഷണ വകുപ്പില്‍ 111 തസ്തിക സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്.

ഇതോടെ തൊഴില്‍ രഹിതരായ 3151 പേര്‍ക്ക് പി.എസ്.സി. വഴി സ്ഥിര നിയമനം ലഭിക്കുന്നതാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരോഗ്യ മേഖലയില്‍ ഇതുവരെ ആകെ 10,272 തസ്തികകൾ സൃഷ്ടിച്ചുവെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.  

Content Highlight: 3151 posts created in  Departments of Health, AYUSH and Education