സ്വപ്ന സുരേഷ്, വിജയ് പിള്ളയുടേതെന്ന പേരിൽ സ്വപ്ന പുറത്തുവിട്ട ചിത്രം
ബംഗളൂരു: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യു.കെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും സ്വപ്‌ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
വിജയ് പിള്ള എന്നയാളാണ് വാഗ്ദാനവുമായി വന്നതെന്നും തല്‍ക്കാലം ഹരിയാണയിലേക്കോ ജയ്പൂരിലേക്കോ മാറാനാണ് നിർദേശിച്ചെന്നും സ്വപ്ന പറയുന്നു. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ തന്‍റെ ആയുസ്സിന് ദോഷംവരുത്തുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞതായി വിജയ് പിള്ള തന്നോട് പറഞ്ഞെന്നും സ്വപ്ന പറയുന്നു.
സ്വപ്ന ഫേയ്സ്ബുക്ക് ലൈവില്‍ പറഞ്ഞതിന്‍റെ പ്രസക്ത ഭാഗങ്ങള്‍:
മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വിജയ് പിള്ള എന്ന വ്യക്തി എന്നെ വിളിച്ചു. ബെംഗളൂരില്‍ വെച്ച് അദ്ദേഹത്തിനെ നേരില്‍ കണ്ടു. ഒരാഴ്ച സമയം തരാം, സ്വപ്നയും മക്കളും ഇവിടെ നിന്ന് ഹരിയാണയിലേക്കോ ജയ്പൂരിലേക്കോ മാറുക. അവിടെ എല്ലാ സൗകര്യങ്ങളും തരാം. മുഖ്യമന്ത്രി, മകള്‍ വീണ, ഭാര്യ കമല എന്നിവര്‍ക്കെതിരായി എന്റെ കൈവശമുള്ള തെളിവുകള്‍ കൈമാറുക. അവര്‍ അത് നശിപ്പിച്ചു കൊള്ളും.
ഇത് പറഞ്ഞ് മനസ്സിലാക്കാന്‍ വിട്ടതാണ് തന്നെയെന്ന് വിജയ് പിള്ള പറഞ്ഞു. ബെംഗളൂരു വിട്ട് പോകാന്‍ തയ്യാറായില്ലെങ്കില്‍ എന്റെ അയുസ്സിന് ദോഷം വരുത്തുമെന്ന് പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി, മകള്‍ വീണ, യൂസഫലി എന്നിവര്‍ക്കെതിരെ സംസാരിക്കുന്നത് നിര്‍ത്തി താന്‍ കള്ളം പറഞ്ഞതാണെന്ന് വ്യക്തമാക്കി ഇവിടെ നിന്ന് മുങ്ങുക. പിന്നീട് ഒരു മാസത്തിനകം മലേഷ്യയിലോട്ടോ യു.കെയിലേക്കോ പോകാനുള്ള സൗകര്യങ്ങള്‍ അവര്‍ ഒരുക്കി തരും. പിന്നീടൊരിക്കലും സ്വപ്ന എവിടെയാണെന്ന് ജനങ്ങള്‍ അറിയരുത്. 30 കോടി നല്‍കാം. മറ്റെവിടെയെങ്കിലും പോയി ജീവിതം ആരംഭിക്കാനുള്ള സൗകര്യങ്ങള്‍ മുഖ്യമന്ത്രിയും കുടുംബവും പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷും ചേര്‍ന്ന് സഹായിക്കാമെന്ന് പറഞ്ഞു.
യൂസഫലി എന്ന വ്യക്തി യു.എ.ഇ ഉയോഗിച്ച് എനിക്ക് പണി തരും. യൂസഫലിയുടെ പേര് ഒരു കാരണവശാലും പറയരുത്. ഇദ്ദേഹത്തിന് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഷെയറുകളും സ്വാധീനവുമുണ്ട്. എന്റെ ബാഗേജിനകത്ത് യൂസഫലി വിചാരിച്ചാല്‍ ഡ്രഗ്സ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വെച്ച് പിടിപ്പിക്കാനാകും. എന്നെ അവര്‍ക്ക് ഒന്നുകിൽ ജയിലില്‍ കിട്ടിയാല്‍ മതി. അല്ലെങ്കില്‍ സ്ഥലം വിടണം.
അവസാനംവരെ പോരാടാന്‍ തീരുമാനിച്ചു. ജനങ്ങളെ പറ്റിക്കാനോ മുഖ്യമന്ത്രയുടെ രാഷ്ട്രീയ ജീവിതം തകര്‍ക്കാനോ ഒരു അജണ്ടയും എനിക്കില്ല. തീരുമാനമെടുക്കാന്‍ രണ്ടു ദിവസം സമയം തന്നു. ഞാന്‍ ഇക്കാര്യങ്ങളെല്ലാം എന്റെ വക്കീലിനയച്ചു. അദ്ദേഹം ഇക്കാര്യങ്ങള്‍ അന്വേഷണ ഏജന്‍സികളെ അറിയിച്ചതായാണ് വിവരം. ഞാന്‍ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല. ജീവനുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ എല്ലാ ബിസിനസ് സാമ്രാജ്യങ്ങളും അനധികൃത ഇടപാടുകളും തെളിവുകളോടെ ഞാന്‍ ഈ പറയുന്ന ബിനാമികളായ യൂസഫലിയായാലും രവി പിള്ളയായാലും എല്ലാരുടെ വിവരങ്ങളും കൊടുക്കേണ്ട സ്ഥലത്ത് കൊടുത്തിട്ടുണ്ട്. എന്നെ ഭീഷണിപ്പെടുത്താനോ ചര്‍ച്ചയ്ക്കോ ഇനി തയ്യാറാകരുത്. സത്യം പുറത്ത് വരുന്നതുവരെ ഞാന്‍ പിന്നോട്ട് പോകില്ല. എത്ര നാള്‍ ജീവനോടെ ഉണ്ടാകുമെന്ന് അറിയില്ല. മരണം ഉറപ്പാണെന്നാണ് ഗോവിന്ദന്‍ മാഷ് പറയുന്നത്. എനിക്കുവേണ്ടിയും കുടുംബത്തിനുവേണ്ടിയും പ്രാര്‍ഥിക്കണം. ഇവിടെനിന്നിട്ടാണെങ്കില്‍ ഇവിടെനിന്നുതന്നെ ഫൈറ്റ് ചെയ്യും.
Content Highlights: 30 crore offered to settle gold smuggling case; Swapna Suresh's allegation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..